X

പ്രധാനമന്ത്രി ചെന്നൈ സന്ദര്‍ശിക്കും

അഴിമുഖം പ്രതിനിധി

പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന ചെന്നൈ നഗരം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ഇന്നലെ ചെന്നൈ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും നഗരത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാണ്. അടുത്ത ഒരാഴ്ചയില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കരസേന, നാവിക സേന, ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍ നഗരത്തിലുടനീളം ദുരിത്വാശാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ജയലളിത ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ഇന്ന് വ്യോമ നിരീക്ഷണം നടത്തി. ജയലളിതയുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നും നാളെയും തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് സ്വകാര്യ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു നൂറ്റാണ്ടിനിടെ പെയ്ത ഏറ്റവും കനത്ത മഴ തമിഴ്‌നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത ഇടം തേടേണ്ടി വന്നു. ഫാക്ടറികള്‍ അടച്ചിടേണ്ടി വന്നത് വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരിക്കുന്നു. ഞായറാഴ്ച വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 940 കോടി രൂപ നല്‍കിയെന്ന് കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. ഇതുവരെ 269 പേര്‍ മരിച്ചു. ദുരന്തബാധിത പ്രദേശത്തെ 40 ശതമാനം മൊബൈല്‍ സേവനത്തേയും മഴ ബാധിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ എല്‍എസ് റാത്തോഡ് അറിയിച്ചു. ആന്ധ്രാ പ്രദേശിന്റെ തീരപ്രദേശത്തും ചിറ്റൂര്‍, നെല്ലൂര്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിത ബാധിതര്‍ക്കായി ഒമ്പത് ലക്ഷത്തോളം ഭക്ഷണ പൊതികള്‍ വിതരണം ചെയ്തുവെന്ന് ചൈന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വിക്രം കപൂര്‍ അറിയിച്ചു. 97 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെള്ളംപൊങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ചെന്നൈയെ ദുരിതപ്പെയ്ത്തില്‍ മുക്കിയത്. നാവിക സേന ബേസായ ഐഎന്‍എസ് രാജാലിയില്‍ താല്‍ക്കാലിക വിമാനത്താവളം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും കഴിഞ്ഞ ദിവസം രാത്രി 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു.

This post was last modified on December 27, 2016 3:25 pm