X

പശ്ചിമഘട്ടത്തിന്റെ 25 ശതമാനം പരിസ്ഥിതി ലോലമാക്കി കരട്‌ വിജ്ഞാപനം

അഴിമുഖം പ്രതിനിധി

ജൈവ വൈവിദ്ധ്യമേറെയുള്ള പശ്ചിമഘട്ടത്തിന്റെ 25 ശതമാനം പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശമായി നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കരട് റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചു. ആറ് സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടത്തിലെ വിവിധ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളില്‍ ഖനനം, താപ വൈദ്യുത നിലയങ്ങള്‍, വലിയ ടൗണ്‍ഷിപ്പുകള്‍, ഗുരുതരമായ മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് നിരോധനമുള്ളത്. 56,825 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോലമായി കരടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ യുപിഎ സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജന്‍ പരിസ്ഥിതി ലോലമായി നിര്‍ദ്ദേശിച്ചിരുന്ന പ്രദേശത്തേക്കാള്‍ 3,125 ചതുരശ്ര കിലോമീറ്റര്‍ കുറവാണിത്. സെപ്തംബര്‍ നാലിനാണ് മന്ത്രാലയം കരട് രൂപം പുറത്തിറക്കിയിരുന്നത് എങ്കിലും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിസ്ഥിതി ലോല പ്രദേശത്ത് ഉള്‍പ്പെടുന്ന ഖനികള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടണമെന്ന് കരടില്‍ പറയുന്നു. ഇരുപതിനായിരം ചതുരശ്രഅടിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണവും നിരോധിച്ചിട്ടുണ്ട്. 50 ഹെക്ടറോ ഒരു ലക്ഷത്തിഅന്‍പതിനായിരം നിര്‍മ്മാണ പ്രദേശമുള്ളതോ ആയ ടൗണ്‍ഷിപ്പുകളും നിരോധന പരിധിയില്‍ വരുന്നു. അതേസമയം, പരിസ്ഥിതി ലോല പ്രദേശത്ത് ഉള്‍പ്പെടുന്ന നിലവിലെ കെട്ടിടങ്ങളുടെ പുനരുദ്ധാരണവും വിപുലീകരണവും തടയുന്നില്ല. ഉടമസ്ഥാവകാശം കൈമാറുന്നതിനും തടസ്സമില്ല.

This post was last modified on December 27, 2016 3:20 pm