X

ലോട്ടറിക്കച്ചവടക്കാരന് കിട്ടിയത് പതിനായിരം രൂപയിലേറെ രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍

പോലീസില്‍ പരാതിപ്പെടാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും തന്റെ കൈവശമെത്തിയ കള്ളനോട്ടുകള്‍ കീറിക്കളയുകയാണ് ഇദ്ദേഹം ചെയ്തത്‌

ലോട്ടറി കച്ചവടക്കാരനായ അബ്ദുള്‍ ഖാദറിന് കഴിഞ്ഞ ദിവസം കിട്ടിയത് 2000രൂപയാണ്. എന്നാല്‍ അയാള്‍ രണ്ടായിരത്തിന്റെ ആ ഒറ്റനോട്ട് കീറിക്കളഞ്ഞു, കാരണം അത് കള്ളനോട്ടായിരുന്നു. മനോരമ ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആലുവയിലെ വെളിയത്തുനാട് പുതുവല്‍പ്പറമ്പില്‍ അബ്ദുല്‍ ഖാദറ് ജീവിക്കുന്നത് ലോട്ടറി വിറ്റാണ്, ലോട്ടറി കച്ചവടത്തിനിടയില്‍ ഈ അടുത്ത കാലത്തായി അബ്ദുള്‍ ഖാദറിന്റെ കയ്യിലെത്തിയത് പതിനായിരം രൂപയോളം കള്ളനോട്ടുകള്‍.

ചൊവ്വാഴ്ച വൈകിട്ട് പറവ്വൂരില്‍വെച്ചാണ് അബ്ദുള്‍ ഖാദര്‍ ഒടുവില്‍ തട്ടിപ്പിനിരയാവുന്നത്. കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ അബ്ദുള്‍ ഖാദറിന്റെ കയ്യില്‍നിന്ന് 500 രൂപക്ക് ലോട്ടറിയെടുത്തു. അഞ്ഞൂറ് രൂപക്ക് പകരം നല്‍കിയത് 2000രൂപ . ബാക്കി നല്‍കാന്‍ 600 രൂപയെ ഉള്ളൂവെന്ന് പറഞ്ഞപ്പോള്‍ അവര്‍ 1400രൂപക്ക് ലോട്ടറിയെടുത്തു. വോട്ടെടുപ്പിന്റെ ദിവസം 2000 രൂപയുടെ ലോട്ടറി വിറ്റുപോയതിന്റെ സന്തോഷത്തിലായിരുന്നു അബ്ദുള്‍ ഖാദര്‍.

മൂന്നു സെന്റിലെ തന്റെ വീട്ടിലേക്ക് ആഹ്ലാദത്തോടെയാണ് അബ്ദുള്‍ ഖാദര്‍ രാത്രി എത്തിയത്. എന്നാല്‍ പിറ്റേന്ന് ആലുവയിലെ മൊത്ത വിതരണ സ്ഥാപനത്തിലെത്തിയപ്പോഴാണ് തന്റെ കൈയിലുള്ളത് കള്ളനോട്ടാണെന്ന് അബ്ദുള്‍ ഖാദറിന് മനസിലായത്. പോലിസില്‍ പരാതി നല്‍കാമെന്ന് ആളുകള്‍ പറഞ്ഞെങ്കിലും അബ്ദുള്‍ ഖാദര്‍ അത് ചെയ്തില്ല. തന്റെ കൈയ്യിലെത്തിച്ചേര്‍ന്ന കള്ളനോട്ടുകള്‍ കീറിക്കളയുകയാണ് അയാള്‍ ചെയ്തത്.

മൊത്ത വില്‍പ്പനക്കാരന്‍ കടമായി നല്‍കിയ ലോട്ടറിയുമായി തന്റെ കച്ചവടം തുടരുകയാണ് അബ്ദുള്‍ ഖാദറിപ്പോള്‍.