X

ബിഷപ്പ് ഫ്രാങ്കോ ‘വിതച്ച’ പ്രളയവാരിധി നടുവില്‍ ഇപി

സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഇ പി ജയരാജൻ അതിന്റെ അഭിവാജ്യ ഘടകം തന്നെയാണ്, പാർട്ടി ഏൽപ്പിക്കുന്ന ഏതൊരു ഉത്തരവാദിത്തവും ഏറ്റെടുത്തു നടപ്പിലാക്കുന്ന ഒരാൾ

ഇതൊരു വല്ലാത്ത മഴ തന്നെ. ദുരിതം വിതച്ചു മഴ കലിയടങ്ങാതെ പെയ്തുകൊണ്ടേയിരിക്കുന്നു. 1924നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമെന്നു വിദഗ്‌ധർ. 99ലെ പ്രളയമെന്നു പഴമക്കാർ. സംഗതി വളരെ ലളിതമാണ്. വ്യത്യസ്ത കലണ്ടറുകൾ ഒരേ പ്രളയത്തെക്കുറിച്ചു പറയുന്നു. അത്രയേയുള്ളൂ. നാശനഷ്ടങ്ങളുടെ കണക്കുവെച്ചു നോക്കിയാൽ ഇത്തവണത്തെ പ്രളയം പഴയതിനേക്കാൾ ഗൗരവതരമാണ്. മനുഷ്യന്റെ ആർത്തിയുടെ പരിണിത ഫലം എന്നൊക്കെ ഈ പ്രളയക്കെടുതിയെ വിശേഷിപ്പിക്കാം.

അന്ധവിശാസികൾക്ക് ലളിത ഉത്തരങ്ങൾ ഉണ്ടായേക്കാം. കന്യാസ്ത്രീ പീഡനക്കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പിനെ കരുതിക്കൂട്ടി ആക്രമിക്കുന്നതിനുള്ള ദൈവ കോപം എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ തന്നെ ഇതിനു ഉത്തമ ഉദാഹരണം. ഇതിനു പിന്നിലുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നസ്രാണിയുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ പഴയ നിയമം കൂട്ടിചേർത്തവരെ പറഞ്ഞാൽ മതിയല്ലോ. യേശുക്രിസ്തു യഹൂദനായാണ് ജനിച്ചതെന്നതൊക്കെ ശരി തന്നെ. യഹൂദരുടെ തെറ്റായ നിയമങ്ങളെ നിരന്തരം ചോദ്യം ചെയ്തതിനെ തുടർന്നാണ് യേശുവിനെ കുരിശിൽ തറച്ചു കൊന്നതെന്നും പഴയ നിയമം അല്ല യേശുവിന്റെ പുതിയ നിയമം എന്നും കാണിക്കുന്നതിനുവേണ്ടി മാത്രമാണ് പഴയ നിയമം കൂടി പുതിയ നിയമത്തിനൊപ്പം ചേർത്തത്. പറഞ്ഞിട്ടിട്ടു കാര്യമില്ലല്ലോ. ഇപ്പോഴും സത്യക്രിസ്താനികൾ പഴയ നിയമത്തിൽ തന്നെയാണ് ജീവിക്കുന്നത്. സകലമാന തിന്മയും ചെയ്തുകൂട്ടുമ്പോൾ യേശു പഠിപ്പിച്ച എല്ലാം ക്ഷമിക്കുന്ന നല്ലവനായ പിതാവിനെ സ്തുതിക്കുന്ന അതേ നാവുകൾ തന്നെ തങ്ങളുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ഭീഷണിപ്പെടുത്താൻ പഴയ നിയമത്തിലെ ശിക്ഷകനായ യഹോവയെ കൂട്ടുപിടിക്കുന്നു. നോഹയുടെ കാലത്തു പ്രളയം വിതച്ചതും അബ്രഹാമിന്റെ കാലത്തു സൊദോം-ഗൊമോറ അഗ്നിയും ഗന്ധകവും വർഷിച്ചു സംഹാര താണ്ഡവം നടത്തിയ അതേ യഹോവ ബിഷപ്പിന്റെ കേസിൽ വീണ്ടും പ്രളയം വിതച്ചിരിക്കുന്നു എന്ന് അത്തരക്കാർ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. എന്നാൽ നേരെ തിരിച്ചു കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ ന്യായീകരിക്കുന്നവർക്കും സംരക്ഷിക്കുന്നവർക്കുമുള്ള  ശിക്ഷയാണ് ഈ പ്രളയ ദുരന്തം എന്നൊന്നും അവർ ദൈവം തമ്പുരാൻ നേരിട്ടിറങ്ങിവന്നു പറഞ്ഞാൽ പോലും വിശ്വസിക്കില്ലെന്നു മാത്രമല്ല വ്യാജ പ്രചാരകൻ എന്നാർത്തുവിളിച്ചു യേശുവിനു നൽകിയതിന് സമാനമായതോ അതിലുംകടുത്തതോ ആയ ശിക്ഷ വിധിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട.

ബിഷപ്പും വിഷപാമ്പും ഒക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. അല്ലെങ്കിലും ഇക്കഴിഞ്ഞ കൊടിയ വേനലിലും മഴ പെയ്യിക്കാൻവേണ്ടി യാഗം നടത്തിയവരും മാക്രി കല്യാണം നടത്തിയവരുമൊക്കെ ഇപ്പോൾ പേമാരി എങ്ങിനെ ശമിപ്പിക്കും എന്നറിയാതെ സ്വന്തം കമ്പളിപുതപ്പിനടിയിൽ ഒളിച്ചു കഴിയുകയാണ്. അല്ലെങ്കിലും ഓളത്തിനൊപ്പം പൊന്തുകയും ഓളം അടങ്ങുമ്പോൾ മുങ്ങുകയും ചെയ്യുന്ന ഇത്തരം ജന്മങ്ങളെ പേറുന്ന നമ്മൾ തന്നെയാണ് യഥാർത്ഥ കുറ്റവാളികൾ എന്ന് നമ്മൾ തിരിച്ചറിയാത്തിടത്തോളം കാലം അന്ധവിശാസവും അതിന്റെ പ്രവാചകരും പ്രചാരകരും ജൈത്ര യാത്ര തുടർന്നുകൂടെയിരിക്കും.

ഇനി പറയാൻ പോകുന്ന കാര്യത്തിന് അന്ധവിശ്വാസമോ അതിന്റെ അതിന്റെ പ്രചാരകരോ ആയി യാതൊരു ബന്ധവും ഇല്ലെങ്കിലും കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പേമാരിയും പ്രളയവുമായും ഒട്ടുമേ ബന്ധമില്ലെന്ന് പറയാനാവാത്ത ഒന്നു തന്നെയാണ്. കൃത്യമായി പറഞ്ഞാൽ മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ഇന്നു നടന്ന സത്യപ്രതിജ്ഞയെ കുറിച്ച് തന്നെ. ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ കൂട്ടുപിടിച്ചു ‘കോളറക്കാലത്തെ പ്രണയം’ എന്നൊന്നും പറഞ്ഞില്ലെങ്കിലും ചെന്നിത്തല ചോദിച്ചത് ഈ പ്രളയ ദുരന്ത കാലത്തു തന്നെവേണ്ടിയിരുന്നോ ഇ പിയുടെ മന്ത്രിസഭാ പുനഃപ്രവേശം എന്ന ചോദ്യമാണ്. കൂട്ടത്തിൽ ഒരു കാര്യം കൂടി ചോദിച്ചിട്ടുണ്ട് ഇ പിയുടെ പുനഃപ്രവേശനത്തിലൂടെ ഒരു മന്ത്രിയുടെയും ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പിന്റെയും നിയമനത്തിലൂടെ പൊതു ഖജനാവിന് അധിക ബാധ്യത വരുത്തി വെക്കുന്നതിനെക്കുറിച്ചുകൂടിയാണത്. ചോദ്യം ഉന്നയിക്കുക മാത്രമല്ല ദുർച്ചെലവ്‌ എന്നൊക്കെ പറഞ്ഞു ചെന്നിത്തലയും കൂട്ടരും സത്യപ്രതിജ്ഞാ ചടങ്ങു ബഹിഷ്കരിക്കുകയും ചെയ്തു.

കാര്യമൊക്കെ ശരി തന്നെ. ബന്ധു നിയമന ആരോപണത്തെ തുടർന്നു മന്ത്രിസ്ഥാനം സ്വയം ത്യജിച്ച ആൾ തന്നെ സഖാവ് ഇ പി. കോടതികൾ കൂടി കുറ്റവിമുക്തനാക്കിയ അദ്ദേഹത്തെ പുറത്തു നിറുത്തുന്നത് ഒട്ടും ഉചിതമല്ലെന്ന ചർച്ച തുടങ്ങിവെച്ചത് ഇവിടുത്തെ മുൻ നിര മാധ്യമങ്ങൾ തന്നെയായിരുന്നു. ഇ പി തിരിച്ചുവരേണ്ടയാൾ തന്നെ എന്ന കാര്യത്തിൽ തർക്കമില്ലാത്ത അതേ മാധ്യമങ്ങളോട് ഇന്നത്തെ സത്യപ്രതിജ്ഞക്കു ശേഷം പറഞ്ഞത് തിരിച്ചുവരവ് വൈകിയതിന്റെ കാരണം താൻ പിന്നീട് വ്യക്തമാക്കാം എന്നുകൂടിയാണെന്നതും കാണാതെ പോകരുത്. എന്നുവെച്ചാൽ ഇ പി യെ ചൊറിഞ്ഞും ചികഞ്ഞും ഇനിയും ചില മാര്‍ക്സിസ്റ്റ് വിരുദ്ധ അജണ്ടകൾ അവർ ബാക്കിവെച്ചിട്ടുണ്ടെന്നുകൂടിയാണ്. അതൊക്കെ വഴിയേ കണ്ടറിയേണ്ട കാര്യങ്ങൾ തന്നെ.

സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഇ പി ജയരാജൻ അതിന്റെ അഭിവാജ്യ ഘടകം തന്നെയാണ്, പാർട്ടി ഏൽപ്പിക്കുന്ന ഏതൊരു ഉത്തരവാദിത്തവും ഏറ്റെടുത്തു നടപ്പിലാക്കുന്ന ഒരാൾ. വ്യക്തിപരമായി ഇ പി യെ അടുത്തറിയുന്ന ഒരാളും ഇ പി ക്കെതിരെ മാധ്യമങ്ങൾ പറയുന്ന ആക്ഷേപങ്ങൾ അതേപടി വിഴുങ്ങുകയുമില്ല. ഇതൊക്കെ പക്ഷെ കാര്യത്തിന്റെ ഒരു വശം മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ ചികിൽസാ യാത്രയും ഇ പിയുടെ തിരിച്ചുവരവും ഒരുമിച്ചുവന്നു എന്നതു മാത്രമല്ല ഇപ്പോൾ ഇവിടുത്തെ പ്രശ്നം. ദുരിതപ്പെയ്ത്തിനിടയിലെ സത്യപ്രതിജ്ഞ തന്നെയാണ്.

ഇനിയിപ്പോൾ ദുരിതം പെയ്തടങ്ങിയ വേളയിലായിരുന്നു ഇ പിയുടെ സത്യപ്രതിജ്ഞയെങ്കിലും യു ഡി എഫ് അല്ല എൽ ഡി എഫ് എന്ന് പറഞ്ഞു അധികാരത്തിൽ വന്ന എൽ ഡി എഫ് എന്തിനു ഒരു മന്ത്രിയെക്കൂടി വെച്ച് ഒപ്പം സി പി ഐക്കു കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പിനെ നൽകിയ ഏർപ്പാടിനെ തീർച്ചയായും ചെന്നിത്തല വിമർശിക്കുമായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ജോലിയെന്തെന്നു ഇനിയും തിരിച്ചറിയാത്ത ആളാണ് ചെന്നിത്തല. അല്ലെങ്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്നു പറഞ്ഞു ആലപ്പുഴയിൽ നടന്ന അവലോകന യോഗം ബഹിഷ്ക്കരിക്കുകയും രണ്ടു നാൾ മുൻപ് മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിൽ പ്രളയ ദുരിതം കാണാൻ പോവുകയും ചെയ്ത ചെന്നിത്തല ഗാന്ധിയിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്. മുഖ്യമന്ത്രി പോകാത്തിടത്തു പോയി ജനത്തെ കൈയിലെടുക്കാൻ കഴിയുന്നവനാണ് യഥാർത്ഥ പ്രതിപക്ഷ നേതാവെന്ന് ഇനിയെങ്കിലും അറിയണം രമേശൻ സാറേ.

ഒപ്പം മറ്റൊന്ന് കൂടി. കേരളത്തിന് എത്ര മന്ത്രിമാർ വേണമെന്ന് പണ്ടൊരിക്കൽ മലയാള മനോരമ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു. 1987ൽ മനോരമയുടെയും മാതൃഭൂമിയുടേയുമൊക്കെ പ്രവചനങ്ങളെ കാറ്റിൽ പറത്തി ഇ കെ നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി മന്ത്രിസഭ രൂപീകരിക്കുന്ന ഘട്ടത്തിലായിരുന്നു അത്. ഇടതു മുന്നണി എന്നത് കേട്ടതുകൊണ്ടു കേരളത്തിനോ ഇടതുമുന്നണിക്കോ പ്രത്യേകിച്ചൊരു ഗുണവും ഉണ്ടായില്ലെന്ന് മാത്രമല്ല മനോരമയുടെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ വിരുദ്ധതക്ക് ഒരു കുറവും വന്നതുമില്ല. പിന്നീട് വന്ന യു ഡി എഫ് സർക്കാരുകളെ മനോരമ ഉപദേശിച്ചു നന്നാക്കിയോ കുളമാക്കിയോ എന്നുകൂടി ഈ സന്ദർഭത്തിൽ ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും. ചുരുങ്ങിയ പക്ഷം ഇക്കാര്യത്തിലെങ്കിലും ഉമ്മൻചാണ്ടിയുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on August 14, 2018 6:24 pm