X

കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരന്‍ ഇസ്മയില്‍ ഇപ്പോഴും പൂനെ ജയിലില്‍; അറസ്റ്റിലായത് മുരളി കണ്ണമ്പള്ളിക്കൊപ്പം

ചൈനയിലടക്കം ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്തിട്ടുള്ള നയതന്ത്രജ്ഞന്‍ കണ്ണമ്പള്ളി കരുണാകര മേനോന്റെ മകനായ മുരളി ഇന്ത്യന്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ ഉന്നതനായ നേതാക്കളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്

വയനാട് വൈത്തിരിയില്‍ കഴിഞ്ഞ ദിവസം പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സിപി ജലീല്‍ ആരാണെന്ന ചോദ്യങ്ങള്‍ വലിയ തോതില്‍ ഉയരുകയാണ്. ജലീലിനും കുടുംബത്തിനുമുള്ള രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും പിന്നീട് അത് മാവോയിസത്തിലേക്ക് ചുവടുമാറിയതിന്റെയും കഥകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

നക്സലൈറ്റ് ബന്ധമാരോപിച്ച് കക്കയം പൊലീസ് ക്യാമ്പില്‍ വെച്ച് ഉരുട്ടിക്കൊല ചെയ്യപ്പെട്ട കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ അറിയാത്തവര്‍ കേരളത്തില്‍ ചുരുക്കമായിരിക്കും. ആ കാലത്ത് അവിടെ വിദ്യാര്‍ഥിയായിരുന്ന മുരളി കണ്ണമ്പള്ളിക്കൊപ്പം 2015 മെയില്‍ പുനെയില്‍ വെച്ചാണ് സി.പി ഇസ്മയില്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട സി പി ജലീലിന്റെ മൂത്ത സഹോദരന്‍.

രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെക്കുറിച്ചും ദലിത് പഠനങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയും കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ‘ഭൂമി, ജാതി, ബന്ധനം’ എന്ന പുസ്തകം രചിക്കുകയും ചെയ്ത കെ മുരളീധരന്‍, അജിത് എന്ന പേരിലാണ് മാവോയിസ്റ്റ്, അക്കാദമിക് മേഖലകളില്‍ അറിയപ്പെട്ടിരുന്നത്. ചൈനയിലടക്കം ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്തിട്ടുള്ള നയതന്ത്രജ്ഞന്‍ കണ്ണമ്പള്ളി കരുണാകര മേനോന്റെ മകനായ മുരളി ഇന്ത്യന്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ ഉന്നതനായ നേതാക്കളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര ജേര്‍ണലുകളില്‍ അടക്കം നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരിക്കെയാണ് മുരളി നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാകുന്നത്. 1976-ല്‍ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ മുരളിയെ പോരാട്ടം സംഘടനയുടെ നേതാവ് എം.എന്‍ രാവുണ്ണി, ന്യൂസ് മിനിറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഓര്‍മിക്കുന്നുണ്ട്. 1984-ല്‍ ഫ്രാന്‍സില്‍ വച്ചു നടന്ന റവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്മെന്റ് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക നേതാവാണ്‌ മുരളി. അജിത്‌ എന്ന പേരില്‍ ഇന്ത്യന്‍ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Also Read: ആരാണ് മുരളി കണ്ണമ്പിള്ളി? കെ വേണു തന്റെ പഴയ സഖാവിനെ ഓര്‍ക്കുന്നു

2015 മെയ് എട്ടിന് പൂനെയിലെ തലൈഗോണ്‍ ദബാദെയിലുള്ള മോറിയ ആശുപത്രിയില്‍ നിന്നുമാണ് മഹാരാഷ്ട്ര ഭീകര വരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുരളിയെ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ഇദ്ദേഹത്തിന് സഹായിയായി നിന്ന ഇസ്മായിലും അന്ന് അറസ്റ്റിലായി. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ സമയത്ത് നിയമസഹായം തേടാനുള്ള അവസരം പോലും ഇരുവര്‍ക്കും നല്‍കിയില്ല. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ഏക കാരണം നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങള്‍ ആണ് എന്നതാണ്. നക്സലൈറ്റ് മുദ്രകുത്തപ്പെട്ട് കസ്റ്റഡിയിലെത്തിയ മുരളി കണ്ണമ്പള്ളിക്കെതിരെ പ്രാഥമിക കുറ്റപത്രത്തില്‍ ചാര്‍ത്തിയ വകുപ്പുകള്‍ നിസാരമാണ്. 40 വര്‍ഷമായി ഒളിവിലായിരുന്ന മുരളിക്കെതിരെ ചുമത്തിയ കേസുകളില്‍ ആള്‍മാറാട്ടമാണ് പ്രധാനപ്പെട്ട ഒന്ന്. കേസ് കോടതിയിലെത്തുന്ന മുറയ്ക്ക് മറ്റ് കേസ്സുകള്‍ കൂടി ചുമത്തുകയാണ് പതിവ്. ജാമ്യം നിഷേധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

നഗ്‌നമായ മനുഷ്യാവകാശ ലംഘനവും ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങളെ കാറ്റില്‍ പറത്തുന്നതുമായിരുന്നു മുരളി കണ്ണമ്പള്ളിയുടെയും ഇസ്മായിലിന്റെയും അറസ്റ്റ് എന്ന് ആരോപണമുയര്‍ന്നിരുന്നു. പൂനെയിലെ ഒരു ആശുപത്രിയില്‍ രോഗശയ്യയില്‍ കിടന്ന മുരളീയെ അറസ്റ്റ് ചെയ്യുകയും റിമാന്റിലാക്കുകയും ചെയ്ത മഹാരാഷ്ട്ര പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തയാറാക്കിയ പ്രസ്താവന അയച്ചു കൊടുത്തപ്പോള്‍ പ്രമുഖ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞത്, ഇവരുടെ മോചനത്തിനായി ഒപ്പിട്ട ആളുകളുടെ പട്ടികയില്‍ തന്റെ പേര്‍ കൂടി ചേര്‍ക്കൂ എന്നാണ്. നോം ചോംസ്കി, ജൂഡിത്ത് ബട്‌ലര്‍, ഗായത്രി ചക്രവർത്തി സ്പിവാക് തുടങ്ങി ലോകത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മുരളിയുടെ മോചനത്തിനായി പ്രചരണം നടന്നു.

‘കേരളത്തിലെ സൗമ്യനായ മാവോയിസ്റ്റ് ബുദ്ധിജീവി’ എന്നാണ് മുരളിക്ക് മഹാരാഷ്ട്ര എടിഎസ് നല്‍കിയിട്ടുള്ള വിശേഷണം. പൂനെയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള യേര്‍വാദ സെന്‍ട്രല്‍ ജയിലിലെ ഒരാള്‍ക്ക് കഷ്ടിച്ച് നിന്നുതിരിയാനോ നിവര്‍ന്ന് നില്‍ക്കാനോ പോലും കഴിയാത്തത്ര കുടുസായ അണ്ഡ സെല്ലില്‍ (മുട്ടയുടെ ആകൃതിയിലുള്ള) ആണ് മുരളിയെ അടച്ചിരുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള മുരളിക്ക് നെഞ്ചുവേദന വന്നപ്പോള്‍ ചികിത്സ നിഷേധിച്ചതിനെതിരെ ഒട്ടേറെ പൗരാവകാശ സംഘടകളും പ്രവര്‍ത്തകരും രംഗത്തുവരികയും ചെയ്തിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഒരു ബൈപ്പാസ് സര്‍ജ്ജറിക്ക് വിധേയനായിരുന്നു മുരളി. പൈശാചിക കൃത്യങ്ങള്‍ നിര്‍വഹിച്ചവര്‍ പോലും രോഗാതുരരാകുമ്പോള്‍ ആശുപത്രിയില്‍ പോലീസ് കാവലിലെങ്കിലും ചികിത്സയ്ക്ക് വിധേയരാകാറുണ്ട്. എന്നാല്‍ മുരളി കണ്ണമ്പള്ളിക്ക് അതും നിഷേധിക്കപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെട്ടതാകട്ടെ ഏറെ വൈകിയും. രോഗഗ്രസ്ഥനായി പൂനെ ജയിലില്‍ കഴിഞ്ഞ മുരളി കണ്ണമ്പള്ളിക്ക് നാലു വര്‍ഷത്തിനൊടുവില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജാമ്യം ലഭിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മുരളിക്ക് 62-ഉം ഇസ്‌മയിലിന് 29 വയസുമായിരുന്നു പ്രായം.

Also Read: ഇത്രകണ്ട് സഹകരിച്ച മാധ്യമ സിംഹങ്ങളെ നമസ്‌കരിക്കാതെ വയ്യ; വൈത്തിരി ‘ഏറ്റുമുട്ടലില്‍’ മാധ്യമങ്ങളുടെ ഉണ്ടയില്ലാ വെടി

പ്രത്യക്ഷത്തില്‍ കേസൊന്നും ഇല്ലാതിരുന്നിട്ടും എടിഎസ് കസ്റ്റഡിയിലെടുത്ത് ജയിലടച്ച ഇസ്മായില്‍ അടക്കം ലക്ഷക്കണക്കിനാളുകള്‍, വിചാരണ കാത്ത് നമ്മുടെ രാജ്യത്തെ 1,387 ജയിലുകളിലായി കഴിയുന്നുണ്ട്. ഇസ്മയിലിന്റെയും കൊല്ലപ്പെട്ട ജലീലിന്റെയും സഹോദരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി പി റഷീദ് കഴിഞ്ഞ ദിവസം അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇസ്മയിലിനെ മഹാരാഷ്ട്ര പോലീസ് എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലും അറിയില്ല. കേരളത്തിലാണ് കേസുകള്‍. ഇസ്മയിലിനെ ഇതിനിടെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. പോലീസ് ആരോടും പറഞ്ഞില്ല. ഞങ്ങള്‍ അറിഞ്ഞുമില്ല. വിയ്യൂര്‍ ജയിലിലേക്കാണ് കൊണ്ടുവന്നത്. ജയിലില്‍ കൂടെ തടവിലുണ്ടായിരുന്നയാള്‍ അയാളുടെ ബന്ധുവിനോട് വിളിച്ച് പറഞ്ഞപ്പോഴാണ് അയാള്‍ വഴി ഞാന്‍ ആ വിവരമറിയുന്നത്. പിന്നീട് ജയിലിലെത്തി ഞാന്‍ ഇസ്മയിലിനെ കണ്ടിരുന്നു. ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ബര്‍ത്തിനോട് ചേര്‍ത്ത് കെട്ടിയിട്ടാണ് ഇസ്മയിലിനെ ട്രെയിനില്‍ എത്തിച്ചത്. ഇക്കാര്യം പറയുന്ന അവനോട് ഞാനെന്ത് ജനാധിപത്യമാണ് പറഞ്ഞാണ് മനസ്സിലാക്കേണ്ടത്? എനിക്കെങ്ങനെയാണ് പറയാന്‍ കഴിയുക? ഇത്തരം അനുഭവങ്ങളാണ് താഴെയുള്ളവരെയും ആ വഴിയിലേക്കെത്തിച്ചത്. ഇവിടെ പോലീസിന്റെ അധികാര നടത്തിപ്പ് ജനസൗഹാര്‍ദ്ദപരമല്ല. മാതൃകാ പോലീസ് സ്‌റ്റേഷന്‍ എന്നെഴുതി വച്ചിട്ടുണ്ടെങ്കിലും പഴയ കുട്ടന്‍പുള്ള പോലീസാണ് ഇന്നും.”

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഉണ്ടായിരുന്ന ഒരു പഴയകാല അവിഭക്ത കമ്മ്യൂണിസ്റ്റ് ഹംസക്കും ഭാര്യ ഹമീലക്കും പിറന്ന ഒന്‍പതു മക്കളില്‍ ഏഴാമനായിരുന്നു വയനാട്ടിലെ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സി.പി ജലീല്‍ എന്ന 26-കാരന്‍. ‘വിപ്ലവ’ കുടുംബമെന്ന് ചിലര്‍ പരിഹസിച്ചും മറ്റുചിലര്‍ അഭിമാനത്തോടെയും വിളിക്കുന്ന വീടാണ് ഇവരുടെ ചെറുക്കപ്പള്ളി വീട്. ഹംസയുടെ രാഷ്ട്രീയം കണ്ട് വളര്‍ന്ന മക്കളെല്ലാം ആദ്യം നടന്നത് ആ വഴിയെ തന്നെ. സിപിഎം രാഷ്ട്രീയത്തില്‍ ഉറച്ച് വിശ്വസിച്ചിരുന്ന ഹംസയുടെ ആറ് ആണ്‍മക്കളും രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് എസ്എഫ്‌ഐയിലൂടെ. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്ന അവരുടെ രാഷ്ട്രീയം പിന്നീട് പല വഴിക്കായി.

പെണ്‍മക്കള്‍ മൂന്ന് പേരും വിവാഹം കഴിച്ച് ഭര്‍തൃവീടുകളില്‍. ആണ്‍മക്കള്‍ ആറ് പേര്‍. സി പി മൊയ്തീന്‍, സി പി റഷീദ്, സി പി ഇസ്മയില്‍, സി പി അന്‍സാര്‍, സി പി ജലീല്‍, സി പി ജിഷാദ്. മൊയ്തീന്‍ മാവോയിസ്റ്റാണ്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന പിടികിട്ടാപ്പുള്ളി. കബനീദളത്തില്‍ സജീവ പ്രവര്‍ത്തകനാണ് മൊയ്തീന്‍ എന്ന് പോലീസ്. റഷീദ് മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. പോരാട്ടം സംഘനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ആദ്യം എത്തുന്നത് റഷീദാണ്. സി പി മൊയ്തീന്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു. സഹോദരങ്ങളില്‍ ഏറ്റവും വിദ്യാഭ്യാസവും വായനയും ഉള്ളയാളും മൊയ്തീനാണ്. മറ്റുള്ളവര്‍ പ്രീഡിഗ്രിയും ബിരുദവും കൊണ്ട് പഠനമവസാനിപ്പിച്ചു. റഷീദ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായതോടെ പഠനമുപേക്ഷിച്ചു. കൊല്ലപ്പെട്ട സി പി ജലീല്‍ പ്ലസ്ടു വിദ്യാഭ്യാസത്തോടെ പഠനം നിര്‍ത്തി കുടുംബം പുലര്‍ത്താനായി നിരവധി തൊഴിലുകള്‍ ചെയ്തു. സഹോദരങ്ങള്‍ മാവോയിസ്റ്റാണ് എന്ന പേരില്‍ പോലീസ് നിരന്തരം വേട്ടയാടിയതിനൊടുവില്‍ മാവോയിസ്റ്റ് ആശയപ്രചരണവുമായി ജലീലും ഇറങ്ങുകയായിരുന്നുവെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.

Also Read: ‘ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ട്രെയിനില്‍ ബര്‍ത്തില്‍ കെട്ടിയിട്ടാണ് ഇസ്മയിലിനെ എത്തിച്ചത്. അവനോട് എന്ത് ജനാധിപത്യമാണ് ഞാന്‍ പറയേണ്ടത്?’ പാണ്ടിക്കാട്ടെ ഈ ‘വിപ്ലവകുടുംബ’ത്തെ അറിയാം

ഇസ്മയില്‍ ഇപ്പോഴും പൂനെ യേര്‍വാദ  ജയിലില്‍ തടവിലാണ്. മുരളി കണ്ണമ്പള്ളിക്കൊപ്പം മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഇസ്മയിലിന് ഇതേവരെ ജാമ്യം ലഭിച്ചിട്ടില്ല. കേരളത്തിലുള്ള കേസുകളെല്ലാം തള്ളിപ്പോയെങ്കിലും, മുരളി കണ്ണമ്പള്ളിക്ക് ജാമ്യം ലഭിച്ചപ്പോഴും ഇസ്മയില്‍ തടങ്കലില്‍ തുടരുകയാണ്.

This post was last modified on March 11, 2019 11:31 am

Related Post
Leave a Comment