X

‘ഞങ്ങളുടെ മോദിജി സിംഹമാണ്, എത്ര മൃഗങ്ങള്‍ ഒന്നിച്ചു വന്നാലും തോല്‍പ്പിക്കാനാകില്ലെ’ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മോദിയെ തെരഞ്ഞെടുക്കാതിരുന്നാല്‍ നഷ്ടം രാജ്യത്തിനെന്നും ഫഡ്നാവിസ്

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടില്ലെന്നും, പക്ഷേ രാജ്യത്തിന് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഭാരതീയ യുവമോര്‍ച്ച ചീഫ് മിനിസ്ട്രി ചഷക് ടൂര്‍ണമെന്റിലെ സംസ്ഥാനതല വിജയികളായവര്‍ക്കു വേണ്ടി സംഘടിപ്പിച്ച യുവ മഹാസംഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ സിംഹമായും പ്രതിപക്ഷത്തെ പട്ടികളായും/കുറുനരികളായും ഫട്നാവിസ് താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. മൃഗങ്ങളെല്ലാം ഒന്നിച്ച് വന്നാലും കാട്ടിലെ രാജാവിനെ തോല്‍പ്പിക്കാനാകില്ല. ഞങ്ങളുടെ മോദിജി ഒരു സിംഹമാണ്, ഈ പ്രതിപക്ഷ പട്ടികള്‍/കുറുക്കന്‍മാര്‍ എല്ലാം ഒന്നിക്കട്ടെ. പക്ഷേ മോദിയെ തോല്‍പ്പിക്കാനാകില്ലെന്നും ഫട്നാവിസ് പറഞ്ഞു.

ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ( ഡി.ബി.റ്റി ) വഴി 95,000 കോടി രൂപ രാജ്യം രക്ഷിച്ചതായി സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതുകൊണ്ട് കള്ളന്മാര്‍ക്ക് മോഷ്ടിക്കാന്‍ അവസരം കിട്ടിയിട്ടില്ല. ഇപ്പോള്‍ അവര്‍ നരേന്ദ്ര മോദിയെ അട്ടിമറിക്കാന്‍ ഐക്യപ്പെട്ടിരിക്കുന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി യുവാക്കള്‍ പ്രവര്‍ത്തിക്കുമെന്നും, മോദിയുടെ നേതൃത്വത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ വിജയത്തിനും, രാജ്യത്തിന്റെ വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഫട്നാവിസ് പറഞ്ഞു.

അതിനിടെ, പരിപാടിക്കായി മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ ബുക്ക് ചെയ്തെങ്കിലും 15,000 യുവാക്കളെ സോമയ്യ മൈതാനത്ത് നിന്ന് എത്തിക്കാന്‍ ഭാരതീയ ജനതാ യുവ മോര്‍ച്ചയ്ക്ക് സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവിടെ 15,000 കസേരകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍, കസേരകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ബിജെപി അവകാശപ്പെടുന്നത് 50,000 യുവാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു.