X

നെല്ല് സംഭരണം 40,564 കോടി രൂപയുടെ ക്രമക്കേടെന്ന് സിഎജി

അഴിമുഖം പ്രതിനിധി

പൊതു വിതരണ സമ്പ്രദായത്തിലൂടെ അരി വിതരണം ചെയ്യുന്നതിനായി നെല്ല് സംഭരിച്ചതില്‍ 40,564 കോടി രൂപയുടെ ക്രമക്കേടുകള്‍ സിഎജി കണ്ടെത്തി. 2013-14-ല്‍ ആധികാരികത ഉറപ്പുവരുത്താതെ 18,000 കോടി രൂപ കര്‍ഷകര്‍ക്ക് താങ്ങുവിലയായി നല്‍കിയെന്നും അരി മില്‍ ഉടമകള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു.

താങ്ങുവിലയായി നല്‍കുന്ന പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കണമെന്നും നെല്ല് സംഭരണത്തിനുള്ള നിലവിലെ രീതികള്‍ പുനപരിശോധിക്കണമെന്നും സിഎജി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗുരുതരമായ ഒമ്പത് ക്രമക്കേടുകള്‍ സിഎജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു സംഭവത്തില്‍ ഉപ ഉല്‍പന്നങ്ങളുടെ മൂല്യം കണക്കിലെടുക്കാതെ 3743 കോടി രൂപ മില്ലുടമകള്‍ക്ക് നല്‍കി. നെല്ല് അരിയാക്കി മാറ്റുന്നതിലെ ചെലവ് പഠിക്കാനും മറ്റുമായി ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും ഈ മാസം റിപ്പോര്‍ട്ട് ലഭിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ 2005-നുശേഷം മാറ്റം വരുത്തിയിട്ടില്ലാത്ത നിരക്കുകളില്‍ മാറ്റം വരുത്തുകയും ചെയ്യും.

നെല്ല് കൈവശം ഉണ്ടെന്ന് പറഞ്ഞിട്ട് അത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറത്ത സംഭവങ്ങളും സിഎജി ചൂണ്ടിക്കാണിക്കുന്നു. ബീഹാര്‍, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് തെലങ്കാന എന്നിവിടങ്ങളില്‍ 7570 കോടി രൂപയുടെ 1,589,000 ടണ്‍ അരി ഇപ്രകാരം ഫുഡ് കോര്‍പ്പറേഷന് കൈമാറിയില്ല.

This post was last modified on December 27, 2016 3:25 pm