X

പദ്മ പുരസ്‌കാരം; പൊതുജനങ്ങള്‍ക്കും ശുപാര്‍ശ ചെയ്യാമെന്നു കേന്ദ്രസര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

ഇനി മുതല്‍ പദ്മ പുരസ്‌കാരം പൊതുജനങ്ങള്‍ക്കും ശുപാര്‍ശ ചെയ്യാം. പദ്മ പുരസ്‌കാര നിര്‍ണയം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ പരിഷ്‌കാരം. ഓണ്‍ലൈന്‍ മുഖേന മാത്രമേ ഇനി മുതല്‍ പദ്മ പുരസ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യാനാവൂ.

പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ നിശ്ചയിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി പരാതികളുയരുന്ന സാഹചര്യത്തില്‍ ശുപാര്‍ശ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ പരിഷ്‌കാരം. പുതിയ ഉത്തരവു പ്രകാരം വ്യക്തികള്‍ക്കും സര്‍ക്കാര്‍ പോലെയുള്ള അധികാര സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശകള്‍ നല്‍കാം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ അവാര്‍ഡുകള്‍ എന്ന വിഭാഗത്തിലൂടെയാണ് പദ്മ പുരസ്‌കാര ശുപാര്‍ശ നല്‍കേണ്ടത്. അതില്‍ പൗരന്‍മാര്‍ അതോറിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളുണ്ട്. പൊതുജനങ്ങള്‍ ശുപാര്‍ശ നല്‍കേണ്ടത് വ്യക്തികള്‍ എന്ന ഉപവിഭാഗത്തിലാണ്.

സ്വന്തം പേര് ശുപാര്‍ശ ചെയ്യാനും ഇനി അവസരമുണ്ട്. സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ക്കുമാത്രം പുരസകാരങ്ങള്‍ ലഭിക്കുന്ന പതിവുരീതികള്‍ മാറ്റി, അറിയപ്പെടാത്തവരും എന്നാല്‍ അപൂര്‍വപ്രതിഭകളുമായവരെ കണ്ടെത്താനും ഈ രീതി സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. പദ്മ പുരസ്‌കാരം ശുപാര്‍ശ നല്‍കേണ്ട അവസാന തീയതി ഈ മാസം 15 ആണ്.

This post was last modified on December 27, 2016 2:29 pm