X

പത്താന്‍കോട്ട് ഭീകരാക്രമണം: ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍ ഏറ്റെടുത്തു

അഴിമുഖം പ്രതിനിധി

പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍ ഏറ്റെടുത്തു. ജമ്മുകശ്മീരിലെ ഒരു പത്രത്തിന്റെ ഓഫീസില്‍ ഫോണ്‍ വിളിച്ചാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കാര്യം സംഘടന അറിയിച്ചത്. എന്നാല്‍ കൗണ്‍സിലിന്റെ വാദത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാകിസ്താനിലേയും ജമ്മുകശ്മീരിലേയും 13 ഭീകര വാദ സംഘടനകളുടെ കൂട്ടായ്മയാണ് ഈ സംഘടന.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സയ്യിദ് സലാഹുദ്ദീന്‍ തലവനായ യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ 1994-ലാണ് രൂപീകരിച്ചത്. തങ്ങളുടെ ഹൈവേ സ്‌ക്വാഡാണ് ആക്രമണം നടത്തിയതെന്ന് സംഘടന അറിയിച്ചു. പാക് അധീന കശ്മീരിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

അതേസമയം മൂന്നാം ദിവസവും പോരാട്ടം നടക്കുന്ന പത്താന്‍കോട്ടില്‍ അഞ്ചാമത്തെ ഭീകരനേയും സൈന്യം വധിച്ചുവെന്ന് ദേശീയ സുരക്ഷാ ഗാര്‍ഡ് അറിയിച്ചു. താവളം ഭീകര വിമുക്തമാക്കുന്നതിനായുള്ള നടപടികള്‍ തുടരുന്നുണ്ട്. നാല് ഭീകരരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ കൂടി ഒളിച്ചിരിക്കുന്നതായി വാര്‍ത്തകളുണ്ട്.

വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് വസിക്കുന്നതിനുള്ള രണ്ട് നില കെട്ടിടത്തില്‍ ഈ ഭീകരര്‍ ഒളിച്ചിരുന്നത്. 1500 ഓളം കുടുംബങ്ങളാണ് പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ താമസിക്കുന്നത്.

എല്ലാ കുടുംബങ്ങളും തന്ത്രപ്രധാനമായ വസ്തുക്കളും സുരക്ഷിതമാണെന്ന് സൈന്യം അറിയിച്ചു. വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും മറ്റു യുദ്ധോപകരണങ്ങളുമാണ് താവളത്തിലുള്ളത്.

ഒരു ചെറുനഗരമായ വിശാലമായ താവളത്തില്‍ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരര്‍ നല്ല തയ്യാറെടുപ്പുകളോടും കനത്ത ആയുധ ശേഖരത്തോടുമാണ് എത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഇതുവരെ സൈന്യത്തിന് ഏഴുപേരെ നഷ്ടമായിട്ടുണ്ട്. അതില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച സംസ്‌കരിച്ചു. മലയാളിയായ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം നാളെ പാലക്കാട് സംസ്‌കരിക്കും. അദ്ദേഹത്തിന്റെ മൃതദേഹം ബംഗളുരുവില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഇന്ന് പാലാക്കാടുള്ള വീട്ടില്‍ എത്തിച്ചിട്ടുണ്ട്.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച ഇന്ത്യയുടേയും പാകിസ്താന്റേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഇസ്ലാമാബാദില്‍ നടത്താനിരുന്ന ചര്‍ച്ച വൈകിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ജനുവരി 14, 15 തിയതികളിലാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനുമുമ്പ് ഇരുരാഷ്ട്രങ്ങളുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ ഇന്ത്യ നിര്‍ദ്ദേശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്തിമ തീരുമാനം രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും.

This post was last modified on December 27, 2016 3:31 pm