X

സൗദിക്കു പിന്നാലെ സുഡാനും ഇറാന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കി

അഴിമുഖം പ്രതിനിധി

സൗദി അറേബ്യക്കു പിന്നാലെ സുഡാനും തങ്ങളുടെ രാജ്യത്തു നിന്നും ഇറാന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കി. മധ്യപൂര്‍വേഷ്യയെ കടുത്ത സംഘര്‍ഷത്തിലേക്കു തള്ളിവിടുന്ന ഇറാന്‍-സൗദി ഏറ്റുമുട്ടലില്‍ സൗദിയുടെ പക്ഷം ചേരുന്ന നിലപാടാണ് സുഡാന്‍ കൈകക്കൊണ്ടിരിക്കുന്നത്. സൗദിക്കും ബഹ്‌റിനും പിന്തുണ പ്രഖ്യപിച്ചുകൊണ്ടാണ് ഇസ്ലാമിക് റിപ്പബ്ലിക്കായ സുഡാനും ഖര്‍ത്തൂമില്‍ സ്ഥിതി ചെയ്യുന്ന ഇറാന്‍ നയതന്ത്രകാര്യാലായം അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് ഇറാന്‍ നടത്തുന്ന ഇടപെടലുകളെ നേരത്തെ തന്നെ സുഡാന്‍ ചോദ്യം ചെയ്തു വരുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് സൗദി ഇറാന്റെ നയതന്ത്രപ്രതിനിധികളോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന ഷിയ മതപണ്ഡിതന്‍ നിമ്ര്‍അല്‍നിമ്‌റിനെ ശനിയാഴ്ച സൗദി വധധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. വധത്തെ ഇറാന്‍ നേതാക്കള്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചതും ടെഹ്‌റാനില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ സൗദി എംബസി ആക്രമിച്ചതുമാണ് സൗദിയെ അപ്രതീക്ഷിത നടപടിക്കു പ്രേരിപ്പിച്ചത്. സൗദിയും ബഹ്‌റിനും ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കനുള്ള തീരുമാനം എടുക്കുന്നതിനു മുന്നെ തന്നെ റിയാദിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലും(ജിസിസി), അറബ് ലീഗും രംഗത്തു വന്നിരുന്നു. ഇറാനെതിരെ കൂടുതല്‍ ഗള്‍ഫ്, ഇസ്ലാമിക് റിപ്പബ്ലിക്കന്‍ രാജ്യങ്ങള്‍ രംഗത്തുവരുമെന്നും ഇതു മേഖലയില്‍ കടുത്ത മത്സരത്തിനു വഴിയൊരുക്കുമെന്നാണ് നിരീക്ഷകര്‍ ആശങ്കപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ സഹായിക്കാനാണ് മതസംഘര്‍ഷങ്ങളും ഒളിയുദ്ധങ്ങളും നടത്തി പരസ്പരം പോരടിക്കുന്നതിലൂടെ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും ഇതോടൊപ്പമുണ്ട്.

This post was last modified on December 27, 2016 3:31 pm