X

ശിവസേന ഭീഷണി: ടി20 ലോകകപ്പില്‍ പാകിസ്താന്‍ കളിക്കുന്നത് സംശയത്തില്‍

അഴിമുഖം പ്രതിനിധി

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന്‍ കളിക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഐസിസി പ്രസിഡന്റ് സഹീര്‍ അബ്ബാസ് പറഞ്ഞു. ഇന്നലെ മുംബയില്‍ ബിസിസിഐ ആസ്ഥാനത്തേക്ക് ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് എതിരെ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അബ്ബാസ് തന്റെ ആശങ്ക വെളിപ്പെടുത്തിയത്. ഡിസംബറില്‍ യുഎഇയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് പരമ്പര കളിക്കുന്നത് സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പിസിബി മേധാവി ഷഹര്യാര്‍ ഖാനും തമ്മില്‍ നടക്കേണ്ട ചര്‍ച്ച ശിവസേനയുടെ പ്രതിഷേധം കാരണം റദ്ദാക്കേണ്ടി വന്നിരുന്നു. ഇന്ത്യയുടേയും പാകിസ്താന്റേയും ക്രിക്കറ്റ് അധികൃതര്‍ പ്രശ്‌നപരിഹാരം കാണണമെന്ന് അബ്ബാസ് പറഞ്ഞു. അല്ലെങ്കില്‍ സുരക്ഷാ പ്രശ്‌നം പറഞ്ഞ് പാക് കളിക്കാര്‍ അടുത്ത ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ചേക്കുമെന്ന അബ്ബാസ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യയിലെ സാഹചര്യം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ ഞങ്ങളുടെ കണിക്കാരുടെമേല്‍ അധിക സമ്മര്‍ദ്ദം ഉണ്ടാകും, അബ്ബാസ് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രിലിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതേസമയം ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാകിസ്താന്‍കാരനായ അമ്പയര്‍ അലീം ദാറിനെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ നിന്ന് പിന്‍വലിച്ചു. കമന്റേറ്റര്‍മാരായ വസീം അക്രവും ഷോയബ് അക്തറും പാകിസ്താനിലേക്ക് മടങ്ങാനും തീരുമാനിച്ചു.

This post was last modified on December 27, 2016 3:24 pm