X

അധ്യക്ഷ സ്ഥാനത്ത് അമ്മയുടെ ഫോട്ടോ; ജയലളിതയില്ലാതെ ആദ്യ കാബിനറ്റ് യോഗം

ജയലളിതയുടെ അഭാവത്തില്‍ തമിഴ്നാട്ടില്‍ മന്ത്രി സഭായോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ധനമന്ത്രി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലാണ് നാളുകള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ മന്ത്രിസഭ യോഗം ചേര്‍ന്നത്. മൂന്നാഴ്ചയായി ആശുപത്രി വാസം തുടരുന്ന മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തില്‍ ‘അമ്മ’ യുടെ ഫോട്ടോയാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.

ജയലളിതയുടെ വകുപ്പുകളുടെ ചുമതല വിശ്വസ്തനായ പനീര്‍ശെല്‍വം ഒരാഴ്ച മുമ്പാണ് ഏറ്റെടുത്തത്. ചുമതല ഏറ്റെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് പനീര്‍ശെല്‍വത്തിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ യോഗം ചേരുന്നത്. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാതെ ജയലളിതയുടെ ഫോട്ടോ മുന്നില്‍ വെച്ചാണ് പനീര്‍ശെല്‍വം യോഗം നയിച്ചത്. നേരത്തെ ജയലളിത അഴിമതിക്കേസില്‍ ജയിലിലായിരുന്ന അവസരത്തിലും വിശ്വസ്തനായ പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രി പദമേറ്റെടുത്തത്. ജയലളിതയുടെ ഓഫീസും നിയമസഭയിലെ മുഖ്യമന്ത്രിയുടെ കസേരയും എട്ട് മാസം ഉപയോഗിക്കാതെ ‘അമ്മ ഭക്തി’  പനീര്‍ശെല്‍വം അന്നും തെളിയിച്ചിരുന്നു.

അടിയന്തര പ്രാധാന്യമുള്ള നിരവധി ഉത്തരവുകള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പാസാക്കിയതായി അറിയുന്നു. കാവേരി വിഷയത്തില്‍ പ്രത്യേക ചര്‍ച്ച നടത്തുകയും വിഷയത്തില്‍ സുപ്രധാന തീരുമാനം കൈക്കൊളുകയും ചെയ്തതായി സൂചനയുണ്ട്.

സെപ്തംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു നിരവധി   അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അതേസമയം ആശുപത്രി അധികൃതരും പാര്‍ട്ടി ഉന്നതരും ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ ഉത്തരങ്ങള്‍ ഇപ്പൊഴും നല്‍കുന്നില്ല. 

This post was last modified on December 27, 2016 2:21 pm