X

മുറിവോരം; തെരുവോരം മുരുകന്റെ ജീവിതകഥ നാളെ പ്രകാശനം ചെയ്യും

അഴിമുഖം പ്രതിനിധി

തെരുവ് ജീവിതങ്ങള്‍ക്ക് കേരളത്തിലെ 14 ജില്ലയിലും തണലാകുന്ന മുരുകനെ കുറിച്ചുള്ള പുസ്തകം 14 ജില്ലയിലും ഒരേ സമയം പ്രകാശനം നടത്തി പുതിയ ചരിത്രമാകുന്നു. തെരുവില്‍ വളര്‍ന്നു തെരുവുബാല്യങ്ങള്‍ക്കു തുണയാകുന്നു സാമൂഹ്യ പ്രവര്‍ത്തകനെ കുറിച്ചുള്ള ആദ്യ പുസ്തകമായ ‘മുറിവോരം ‘ ധനമന്ത്രി ഡോ ടി എം തോമസ് തിരുവനന്തപുരത്ത് പുറത്തിറക്കും. തിരുവനന്തപുരം പ്രസ് ക്ലബില്‍ വൈകിട്ട് നാലുമണിക്ക് നടത്തുന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകയായ സന്ധ്യ പ്രജിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്. ഇതേ സമയം 13 ജില്ലകളിലെ തെരഞ്ഞെടുത്ത അനാഥാലയങ്ങളില്‍ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയും പ്രകാശനം നടത്തും.

അയ്യായിരത്തിലധികം കുട്ടികളെ ഇതിനകം രക്ഷപ്പെടുത്തിയ മുരുകനെ തെരുവിന്റെ ‘അമ്മ എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ആദ്യമായി സര്‍ക്കാരുമായി സംയോജിച്ചു കൊണ്ട് നടപ്പാക്കിയ തെരുവു മക്കളുടെ പുനരധിവാസ കേന്ദ്രമായ തെരുവു വെളിച്ചത്തിന്റെ സ്ഥാപകന്‍. മുരുകന്‍ കൊളുത്തി വെച്ച വിളക്കില്‍ ഇന്ന് തെളിഞ്ഞു കത്തുന്ന ജീവിതങ്ങള്‍ നിരവധിയാണ്. ആലംബഹീനര്‍ക്ക് ആശ്വാസമായി കേരളം മുഴുവന്‍ മുരുകന്റെ സാന്നിധ്യമുണ്ട്. തെരുവിലെ അനാഥര്‍ക്കായി തണലോരം എന്ന പേരില്‍ ഒരു കൊച്ചുഗ്രാമമാണ് മുരുകന്റെ ഇനിയുള്ള സ്വപ്നം. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ടൈംസ് നൗ ചാനലിന്റെ അമേസിംഗ് ഇന്ത്യന്‍ പുരസ്‌ക്കാരം 2015, 2014ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അവാര്‍ഡ്, എറണാകുളം ജില്ലാ കളക്ടര്‍ അപ്രിസിയേഷന്‍ അവാര്‍ഡ്, 2013 ല്‍ കേരള സര്‍ക്കാരിന്റെ അനുമോദനം, കേന്ദ്ര ശിശുക്ഷേമ വികസന വകുപ്പിന്റെ 2011 ലെ 1 ലക്ഷം രൂപയുടെ പുരസ്‌ക്കാരവും പ്രശസ്തി പത്രവും രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. 2010 ല്‍ എര്‍ത്ത് ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ ഹോപ്പ് അവാര്‍ഡ്, രാമന്‍കുട്ടി അച്ചന്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.

കൊച്ചിയിലെ ഓട്ടോ െ്രെഡവര്‍ കൂടിയായ മുരുകന്‍ സ്വന്തം വാഹനത്തിലാണ് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നത്. ദുബൈയിലെ മാധ്യമ പ്രവര്‍ത്തക വനിത വിനോദ് പുസ്തകം എഴുതിയിരിക്കുന്നത് . പ്രസാധകര്‍ ഗ്രീന്‍ ബുക്ക്‌സ്. പുസ്തക പ്രകാശന ചടങ്ങില്‍ എം.ജി രാജമാണിക്യം, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും എഴുത്തുകാരിയുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ മുഖ്യാതിഥി കളായിരിക്കും. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

This post was last modified on December 27, 2016 2:21 pm