X

പാസ്‌പോര്‍ട്ടില്‍ മാതാപിതാക്കളുടേയോ പങ്കാളിയുടേയോ പേര് ആവശ്യമില്ലെന്ന് ഉന്നതതല സമിതി

അഴിമുഖം പ്രതിനിധി

പാസ്‌പോര്‍ട്ടില്‍ മാതാപിതാക്കളുടേയോ പങ്കാളിയുടേയോ പേര് ആവശ്യമില്ലെന്ന് ഉന്നതതല സമിതി. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ സമിതി അറിയിച്ചു. പാസ്‌പോര്‍ട്ട് ഓഫീസുകളിലെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ നിന്നടക്കം ധാരാളമായി പരാതികള്‍ വരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഇന്ത്യയിലായാലും വിദേശത്തായാലും ഇമ്മിഗ്രേഷന്‍ നടപടികളില്‍ ഇത്തരം വിവരങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്ന് സമിതി വിലയിരുത്തി. മിക്ക രാജ്യങ്ങളുടേയും പാസ്‌പോര്‍ട്ട് ബുക്കുകളില്‍ ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്താറില്ല.

വനിതാ – ശിശുക്ഷേമ മന്ത്രാലയത്തിലേയും വിദേശകാര്യ മന്ത്രാലയത്തിലേയും സെന്‍ട്രല്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനിലേയും ഉദ്യോഗസ്ഥരാണ് കമ്മിറ്റിയിലുള്ളത്. 1967ലെ പാസ്‌പോര്‍ട്ട് നിയമവും 1980ലെ പാസ്‌പോര്‍ട്ട് ചട്ടങ്ങളും പരിഷ്‌കരിക്കാനായാണ് കമ്മിറ്റി രൂപീകരിട്ടത്. പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റിന്‌റെ രണ്ടാം പേജില്‍ വരുന്ന പേര്, ലിംഗം, ദേശീയത, ജനന തീയതി തുടങ്ങിയ വിവരങ്ങളേ ആവശ്യമുള്ളൂ. വിവാഹിതരല്ലാത്തവരും പങ്കാളികളുമായി അകന്ന് ജീവിക്കുന്നവരും വിവാഹ മോചിതരുമായ സ്ത്രീകളാണ് അവസാന പേജിലെ ഇത്തരം വിവരങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി രംഗത്തെത്തുന്നത്. പ്രിയങ്ക ഗുപ്ത എന്ന യുവതിയുടെ പരാതി വനിതാ – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതിന് പിന്നാലെയാണ് കമ്മിറ്റി രൂപീകരിച്ചത്.

This post was last modified on December 27, 2016 2:18 pm