X

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന അഴിമതിയും അക്രമവും നിര്‍ത്തണമെന്ന് പി സി ജോര്‍ജ്ജ്

അഴിമുഖം പ്രതിനിധി

കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന അഴിമതിയും അക്രമവും അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ജനങ്ങളുടെ ഇടയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ആശയപരമായാണ് അവരെ നേരിടേണ്ടതെന്നും അല്ലാതെ ആയുധം കൊണ്ടല്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് അഭിപ്രായപ്പെട്ടു. 

പത്തോ ഇരുപതോ പേരുണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാവോയിസ്റ്റുകളെ നേരിടുന്നതിന് കോടിക്കണക്കിന് രൂപയുടെ ആയുധങ്ങളാണ് വാങ്ങിക്കൂട്ടുന്നത്. ഇത് ചില ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്താനുള്ള വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തു എന്നാണ് പറയുന്നത്. എന്നിട്ട് ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപ്പോള്‍ ഇതൊക്കെ കള്ളക്കഥകളാണെന്ന് വിശ്വസിക്കേണ്ടി വരും. 

സര്‍ക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികള്‍ വേണ്ട ഫലം കാണാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യം കിട്ടി ഇത്ര നാളായിട്ടും ആദിവാസികളുടെ സ്ഥിതിയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് സത്യസന്ധമായി പരിശോധിക്കാന്‍ സര്‍ക്കാരും പൊതുസമൂഹവും തയ്യാറാവണം. സര്‍ക്കാര്‍ കൊണ്ടുവന്ന പല നല്ല പരിപാടികളും ലക്ഷ്യം കാണാത്തത് എന്തുകൊണ്ടാണെന്നും പരിശോധിക്കപ്പെടണം. കൊട്ടിഘോഷിക്കപ്പെട്ട ഓപ്പറേഷന്‍ കുബേര പരാജയപ്പെട്ടത് മാവോയിസ്റ്റുകള്‍ ആശയപരമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും വയനാട്ടിലെങ്ങും ഇപ്പോള്‍ ബ്ലേഡ് മാഫിയകളുടെ വിളയാട്ടമാണെന്നും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

This post was last modified on December 27, 2016 2:42 pm