X

തെറ്റായ വിദ്യാഭ്യാസ യോഗ്യത; സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുന്നതെന്ന് കോടതി

അഴിമുഖം പ്രതിനിധി

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ മന്ത്രിക്കെതിരായ കേസ് നിലനില്‍ക്കുന്നതാണെന്ന് ഡല്‍ഹി കോടതി. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി പരാതിക്കാരനായ അഹ്‌മെര്‍ ഖാനോട് ആവശ്യപ്പെട്ടു. മതിയായ തെളിവുകളുണ്ടെങ്കില്‍ മന്ത്രിക്കെതിരെ കേസ് എടുക്കാമെന്നും പട്യാല ഹൗസ് കോടതി ഉത്തരവില്‍ പറഞ്ഞു. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതകളാണ് സ്മൃതി ഇറാനി നല്‍കിയതെന്നു കാണിച്ചായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കേസ് ഓഗസ്റ്റ് 28 ന് കോടതി വീണ്ടും പരിഗണിക്കും.

2004 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍1996 ല്‍ ഡല്‍ഹി സര്‍വകലാശലയില്‍ നിന്ന് ബി എ ബിരുദം കരസ്ഥമാക്കിയെന്നു പറയുന്ന സ്മൃതി 2011 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ബികോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയതായാണ് പറയുന്നത്.

കോടതി ഉത്തരവ് വന്നതോടെ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തി. ഡല്‍ഹി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ജിതേന്ദര്‍ തോമറിനെ വ്യാജബിരുദക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:14 pm