X

രോഹിതിന്റെ ആത്മഹത്യ: മോദി അനുശോചനം രേഖപ്പെടുത്തി

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞു. അതേസമയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രോഹിതിന്റെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിതിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കമ്മീഷന്‍ അന്വേഷിക്കും.

രോഹിതിന്റെ ആത്മഹത്യയില്‍ മോദി അനുശോചനം രേഖപ്പെടുത്തി. രോഹിതിന്റെ മാതാപിതാക്കള്‍ക്ക് ഒരു രത്‌നത്തേയാണ് നഷ്ടമായത് എന്നും രാഷ്ട്രീയം മാറ്റിവച്ച് അവരുടെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും മോദി പറഞ്ഞു. അപമാനങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും അംബേദ്കര്‍ കരഞ്ഞിരുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച നടന്ന രോഹിതിന്റെ ആത്മഹത്യയ്ക്ക് ശേഷം രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിയപ്പോഴും മൗനം പുലര്‍ത്തിയ മോദി ആദ്യമായാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ജാതി വിവേചനത്തിന്റെ ഇരയാണ് രോഹിതെന്ന് വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും ആരോപിച്ചിരുന്നു.

അതേസമയം ലഖ്‌നൗവിലെ ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ തടസ്സപ്പെടുത്തി. രോഹിതിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മുദ്രാവാക്യം വിളികളുമായി മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്.

This post was last modified on December 27, 2016 3:35 pm