X

കോഴിക്കോടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്, പിന്നാലെ അറസ്റ്റും

അഴിമുഖം പ്രതിനിധി

കോടതിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോട് കോടതിയിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഐസ്‌ക്രീം കേസിന്റെ റിവ്യു ഹര്‍ജി പരിഗണിക്കാനിരിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് അഭിഭാഷകര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എറണാകുളത്തും കൊല്ലത്തും ഏര്‍പ്പെടുത്തിയ വിലക്കിനു പിന്നാലെയാണ് കോഴിക്കോടും മാധ്യമങ്ങളെ വിലക്ക് അഭിഭാഷകര്‍ നിന്നത്. എന്നാല്‍ കോടതി വളപ്പില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ അനധികൃതമായി കടന്നുകൂടിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമ പ്രവര്‍ത്തരെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പറയുന്നു. ഇവരുടെ കാമറകളും ലൈവ് സംവിധാനമുള്ള വാഹനവും കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, കാമറാമന്‍, െ്രെഡവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നെങ്കിലും ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം ആരും മാധ്യമ പ്രവര്‍ത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം യാതൊരു പ്രകോപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞാണ് പോലീസുകാരുടെ നടപടി. മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് അതിക്രമിച്ചുകയറിയെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടൗണ്‍ പൊലീസ് സ്‌റ്റേഷനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചിട്ടുണ്ട്. അതേസമയം മാധ്യമപ്രവര്‍ത്തകരെ തടയാനുള്ള ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ലെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന തരത്തില്‍ ഒരു നിര്‍ദേശവും പൊലീസിന് നല്‍കിയിരുന്നില്ലെന്ന് ഡിജിപിയും അറിയിച്ചു. സംഭവത്തെ കുറിച്ച പൊലീസ് കമ്മിഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment