X

കശ്മീര്‍ സംവാദം; ആനംസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേസ്

അഴിമുഖം പ്രതിനിനിധി

ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന പാരാതിയില്‍ മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഘടകത്തിനെതിരെ കര്‍ണാടക പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ശനിയാഴ്ച ബംഗളൂരുവില്‍ കശ്മീര്‍ സംഘര്‍ഷത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് ആരോപണം. കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളും കശ്മീരി പണ്ഡിറ്റ് നേതാവും തമ്മില്‍ ചര്‍ച്ച നടന്നപ്പോഴാണ് മുദ്രാവാക്യം വിളികളുണ്ടായത്.

മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട് ‘തകര്‍ന്ന കുടുംബങ്ങള്‍’ എന്ന പേരില്‍ ഒരു പരിപാടിയാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ചത്. പരിപാടിക്കിടയില്‍ കശ്മീരി സംഘം ആസാദി മുദ്രാവാക്യം മുഴക്കി. ഇതില്‍ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യവും മുഴക്കി കശ്മീരെ സംഘത്തിനെതിരെ തിരിഞ്ഞു. ഇത് സംഘര്‍ഷത്തിലെത്തുകയും പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിക്കുകയുമായിരുന്നു.

പിറ്റേദിവസം ഞായറാഴ്ച എബിവിപി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംസി കാഷ് എന്നയാള്‍ ദേശവിരുദ്ധ ഗാനം അലപിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്ന് എബിവിപി ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയപ്രകാശ് പറഞ്ഞു. കശ്മീര്‍ പാകിസ്താന് കൈമാറണം എന്നായിരുന്ന മുദ്രാവാക്യം എന്നും ജയപ്രകാശ് പറഞ്ഞു. ഇതു തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും ജയപ്രകാശ് ആരോപിച്ചു.

അതേസമയം, സംഭവത്തില്‍ ആംനെസ്റ്റി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലെ മനുഷ്യാവകാശ ലംഘനം നേരിടുന്നവര്‍ക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായിരുന്നു പരിപാടിയെന്ന് അവര്‍ അറിയിച്ചു.

നേരത്തേ, കശ്മീരിലെ സംഘര്‍ഷം വ്യാപിച്ചതില്‍ സര്‍ക്കാരിനെതിരേ ആംനെസ്റ്റി രംഗത്തെത്തിയിരുന്നു. കശ്മീരില്‍ ജനങ്ങള്‍ക്ക് നേരെ ആയുധം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

 

This post was last modified on December 27, 2016 2:39 pm