X

ജയലളിതയുടെ മരണത്തിന് ശേഷമുള്ള അണ്ണാ ഡിഎംകെ – കഥ ഇതുവരെ

അത്യന്തം നാടകീയമായ ഈ കഥ എങ്ങനെയാണ് തുടരാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം.

ഈ കഥ തുടങ്ങുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ്. അത്യന്തം നാടകീയമായ ഈ കഥ എങ്ങനെയാണ് തുടരാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം. ജയലളിതയുടെ മരണം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോള്‍ എഐഡിഎംകെയില്‍ പിളര്‍പ്പും പുനരേകീകരണവുമെല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ തമിഴ്നാടിനുണ്ടായി. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടേയും നിലവില്‍ ഉപമുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടിരിക്കുന്ന ഒ പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള രണ്ട് വിഭാഗങ്ങള്‍ വീണ്ടും യോജിച്ചു.

ശശികല പക്ഷത്തെ നയിക്കുന്ന ടിടിവി ദിനകരന്‍ ഇതിനിടെ 19 എംഎല്‍എമാരുമായി മുങ്ങി. ഇപ്പോള്‍ 21 എംഎല്‍എമാരാണ് ദിനകരനോട് കൂറ് പ്രഖ്യാപിച്ചിരിക്കുന്നത്. വിശ്വാസവോട്ട് നടന്നാല്‍ സര്‍ക്കാര്‍ കുടുങ്ങും. എന്നാല്‍ ദിനകര ഗ്രൂപ്പിലെ എംഎല്‍എമാര്‍ കൂറുമാറ്റവുമായി ബന്ധപ്പെട്ട അയോഗ്യതാ പ്രശ്‌നം നേരിടേണ്ടി വരും. ഇവരെ അയോഗ്യരാക്കണമെന്നാണ് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് എസ് രാജേന്ദ്രന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ അനുവാദമില്ലാതെ ഇവര്‍ ഗവര്‍ണറെ കണ്ടെന്ന് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ഈ എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ ഇപിഎസിന്റേയും ഒപിഎസിന്റേയും തലവേദന ഒഴിവാകും. സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവും.

പനീര്‍സെല്‍വവും പളനിസ്വാമിയും ചേര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ദിനകരന്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പളനിസ്വാമിയെ നീക്കി. അരിലായൂര്‍, വില്ലുപുരം, ശിവഗംഗ തുടങ്ങിയ ഇടങ്ങളിലെല്ലാം സെക്രട്ടറിമാരെ ദിനകരന്‍ മാറ്റി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വികെ ശശികലയുടെ അംഗീകാരത്തോടെയാണ് തീരുമാനങ്ങളെന്നാണ് ദിനകരന്‍ പറയുന്നത്. ശശികലയെ ഇപിഎസ്-ഒപിഎസ് വിഭാഗം നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

2016 ഡിസംബര്‍ ആറ് – ജയലളിത അന്തരിക്കുന്നു. ജയലളിത ആശുപത്രിയില്‍ കിടക്കവേ പനീര്‍സെല്‍വം മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിച്ചിരുന്ന പനീര്‍സെല്‍വം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കുന്നു

ഡിസംബര്‍ 29 – എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നു.

2017 ഫെബ്രുവരി നാല് – പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാ എംപി ശശികല പുഷ്പ, വികെ ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ക്രമവിരുദ്ധമായാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ഫെബ്രുവരി അഞ്ച് – ശശികലയെ പാര്‍ലമെന്റി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ശശികല മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമായതോടെ പനീര്‍സെല്‍വം രാജി വയ്ക്കുന്നു.

ഫെബ്രുവരി ഏഴ് – താന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുന്ന പനീര്‍സെല്‍വം ശശികലയ്‌ക്കെതിരെ തിരിയുന്നു. പനീര്‍സെല്‍വത്തെ വഞ്ചകന്‍ എന്ന് വിളിക്കുന്ന ശശികല പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കുന്നു.

ഫെബ്രുവരി 8-12 – ഈ ദിവസങ്ങളില്‍ പാര്‍ട്ടി നേതാക്കളും ഭാരവാഹികളും ശശികലയുടേയും പനീര്‍സെല്‍വത്തിന്റെയും ഗ്രൂപ്പുകളിലായി ചേരി തിരിയുന്നു.

ഫെബ്രുവരി 11 – ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഒപിഎസ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ഫെബ്രുവരി 12 ശശികലയെ പിന്തുണക്കുന്ന എംഎല്‍എമാരെ ചെന്നൈയ്ക്ക് സമീപം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേയ്ക്ക് വിടുന്നു. ആറ് എംഎല്‍എമാര്‍ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ഫെബ്രുവരി 14 – അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്ക്ക് സുപ്രീംകോടതി നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുന്നു. ശശികല ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേയ്ക്ക്. എടപ്പാടി കെ പളനിസ്വാമിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും ടിടിവി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും നിയമിക്കുന്നു. പളനി സ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി. പനീര്‍സെല്‍വത്തിനും അനുകൂലികള്‍ക്കും കാബിനറ്റില്‍ ഇടമില്ല.

ഫെബ്രുവരി 18 – പളനിസ്വാമി മന്ത്രിസഭ, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നു. ശശികല – പളനിസ്വാമി ഗ്രൂപ്പിന് 122 എംഎല്‍എമാരുടെ പിന്തുണ, പനീര്‍സെല്‍വത്തെ പിന്തുണച്ച് 11 പേര്‍.

ഫെബ്രുവരി 24 – ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ എംജിആര്‍ അമ്മ ദീപ പേരവാണി എന്ന പുതിയ പാര്‍ട്ടിയുമായി രംഗത്ത് വരുന്നു. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം.

മാര്‍ച്ച് 9 – ആര്‍കെ നഗറില്‍ ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. ടിടിവി ദിനകരനും ഒപിഎസ് പക്ഷത്ത് നിന്ന് മധുസൂദനനും ദീപ ജയകുമാറും മത്സരരംഗത്ത്.

മാര്‍ച്ച് 22 – പാര്‍ട്ടി ചിഹ്നമായ രണ്ടില ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിരുന്നു.

മാര്‍ച്ച് 23 – പനീര്‍സെല്‍വം ഗ്രൂപ്പിന് എഐഎഡിഎംകെ – പുരട്ചി തലൈവി അമ്മ എന്നും ശശികല ഗ്രൂപ്പിന് എഐഎഡിഎംകെ – അമ്മ എന്നും പേര് കിട്ടുന്നു. പനീര്‍സെല്‍വത്തിന് ഇലക്ട്രിക് പോസ്റ്റും ശശികലയ്ക്ക് തൊപ്പിയും ദീപയ്ക്ക് ബോട്ടും ചിഹ്നമായി അനുവദിക്കുന്നു.

ഏപ്രില്‍ ഒമ്പത് – ശശികല ഗ്രൂപ്പ് വലിയ തോതില്‍ വോട്ടിന് കോഴയായി പണം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്, കമ്മീഷന്‍ റദ്ദാക്കുന്നു.

ഏപ്രില്‍ 17 – രണ്ടില ചിഹ്നം കിട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ദിനകരനെതിരെ കേസ്. ശശികലയുടെ കുടുംബാംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിമാരുടെ തീരുമാനം.

ഏപ്രില്‍ 26 – കൈക്കൂലി കേസില്‍ ദിനകരന്‍ അറസ്റ്റില്‍.

ജൂണ്‍ എട്ട് – പളനിസ്വാമിയും ദിനകരനും തമ്മിലുള്ള ഭിന്നത ശക്തമാകുന്നു. ദിനകരന് പിന്തുണയുമായി 32 എംഎല്‍എമാര്‍. അതേസമയം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ഈ എംഎല്‍എമാര്‍ പറയുന്നു.

ജൂണ്‍ 11 – ലയനം ചര്‍ച്ച ചെയ്യാന്‍ രൂപീകരിത്ത പാനല്‍ പനീര്‍സെല്‍വം പിരിച്ചുവിടുന്നു. ഇരു വിഭാഗവും ഏഴ് അംഗങ്ങള്‍ വീതമുള്ള പാനലുകള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ പാനലുകള്‍ ഒരിക്കല്‍ പോലും യോഗം ചേര്‍ന്നില്ല.

ജൂലായ് 23 – കാവുണ്ടംപാളയം എംഎല്‍എയും ഏറെക്കാലമായി പനീര്‍സെല്‍വത്തിന്റെ അനുയായിയുമായിരുന്ന വിസി ആറുക്കുട്ടി പനീര്‍സെല്‍വം ഗ്രൂപ്പില്‍ നിന്ന് ശശികല ഗ്രൂപ്പിലേയ്ക്ക് മാറുന്നു.

ഓഗസ്റ്റ് നാല് – 20 എംഎല്‍എമാരടക്കം 64 പേരെ പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ ദിനകരന്‍ നിയമിക്കുന്നു. അതേസമയം മന്ത്രിസഭയ്ക്കും പാര്‍ട്ടിയ്ക്കും നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പളനിസ്വാമിയാണെന്ന് ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍.

ഓഗസ്റ്റ് 10 – എഐഎഡിഎംകെ അമ്മ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ദിനകരനെ പുറത്താക്കുന്നു. ശശികലയ്ക്ക് മാത്രമേ തന്നെ പുറത്താക്കാന്‍ കഴിയൂ എന്ന് ദിനകരന്‍.

ഓഗസ്റ്റ് 13 – മൂന്ന് ഗ്രൂപ്പുകളായി ചേരി തിരിഞ്ഞ് നില്‍ക്കുന്നതിനിടയില്‍ പാര്‍ട്ടിയില്‍ ഐക്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ശശികലയുടെ ലേഖനം മുഖവാരികയായ ഡോ.നമത് എംജി ആര്‍ പുനപ്രസിദ്ധീകരിക്കുന്നു. നമത് എംജിആര്‍ ശശികല കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്.

ഓഗസ്റ്റ് 14 – മേലൂരില്‍ ദിനകരന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച എംജിആര്‍ ജന്മ ശതാബ്ദി ആഘോഷത്തില്‍ 20 എംഎല്‍എമാരും ആറ് എംപിമാരും പങ്കെടുക്കുന്നു.

ഓഗസ്റ്റ് 16 – പളനിസ്വാമി സര്‍ക്കാര്‍ പാര്‍ട്ടിയും തമ്മില്‍ ബന്ധമില്ലെന്ന് ദിനകരന്‍. ചില മന്ത്രിമാരും നേതാക്കളും പുറംവാതിലിലൂടെ കടന്ന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും ദിനകരന്‍.

ഓഗസ്റ്റ് 17 – ജയലളിതയുടെ മരണം അന്വേഷിക്കാന് റിട്ട.ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയമിക്കുമെന്ന് സര്‍ക്കാര്‍. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്മാരകമാക്കുമെന്ന് മുഖ്യമന്ത്രി.

ഓഗസ്റ്റ് 20 – പളനിസ്വാമി വിഭാഗവുമായുള്ള ലയനവുമായി മുന്നോട്ടെന്ന് പനീര്‍സെല്‍വം.

ഓഗസ്റ്റ് 21 – പളനിസ്വാമിയുടേയും പനീര്‍സെല്‍വത്തിന്റേയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി പുനരേകീകരണം. പളനി സ്വാമി മുഖ്യമന്ത്രിയും പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം പനീര്‍സെല്‍വത്തിന്. പളനിസ്വാമി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി.

This post was last modified on August 27, 2017 4:56 pm