X

മാജിക് ബസിലെ യാത്ര അതിജീവനത്തിന്റെ പുതുപാതകളിലേക്ക്

8500 വളണ്ടിയര്‍മാരുള്ള മാജിക് ബസ് രണ്ടര ലക്ഷത്തോളം കുട്ടികള്‍ക്കാണ് സഹായമെത്തിക്കുന്നത്. കായിക പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രധാനമായും കുട്ടികളെ സഹായിക്കുന്നത്.

മാജിക് ബസ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ്. ആതുരസേവന പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലും ബ്രിട്ടന്‍, യുഎസ്, ജര്‍മ്മനി എന്നിവിടങ്ങളിലും ഈ എന്‍ജിഒയുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു. 8500 വളണ്ടിയര്‍മാരുള്ള മാജിക് ബസ് രണ്ടര ലക്ഷത്തോളം കുട്ടികള്‍ക്കാണ് സഹായമെത്തിക്കുന്നത്. കായിക പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രധാനമായും കുട്ടികളെ സഹായിക്കുന്നത്. കോക്‌സ് ആന്‍ഡ് കിംഗ്‌സ് കമ്പനിയുടെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ക്ലിയര്‍ ട്രിപ് (cleartrip.com) സഹസ്ഥാപകനുമായ മാത്യു സ്‌പേസിയില്‍ നിന്നാണ് ഇവര്‍ക്ക് ഈ ആശയം കിട്ടിയത്.

‘Taking a Million from Childhood to Livelihood’ എന്നാണ് മാജിക് ബസിന്റെ ടാഗ് ലൈന്‍. 1999ലാണ് ഇത് തുടങ്ങുന്നത്. കൊല്‍ക്കത്തയിലെ സിസ്റ്റേര്‍സ് ഓഫ് ചാരിറ്റിയുടെ വളണ്ടിയറായാണ് 1986ല്‍ ബ്രിട്ടീഷുകാരനായ മാത്യു സ്‌പേസി ഇന്ത്യയിലെത്തിയത്. ബോംബെ ജിംഘാനയില്‍ റഗ്ബി കളിച്ചുകൊണ്ടിരിക്കുമ്പോളാണ് പുറത്ത് തെരുവില്‍ കുട്ടികള്‍ അത് കണ്ട് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് സ്‌പേസി ശ്രദ്ധിച്ചത്. അവരെ ടീമുണ്ടാക്കാന്‍ ക്ഷണിച്ചു. ഗ്രൗണ്ടില്‍ അവര്‍ക്ക് കളിക്കാന്‍ ക്ലബില്‍ നിന്ന് അനുമതിയും വാങ്ങി. ഒഴിവുദിവസങ്ങളില്‍ അവരെ ചെറുയാത്രകള്‍ക്ക് കൂടെകൊണ്ടുപോയി. സ്‌പോര്‍ട്‌സ് കുട്ടികളില്‍ ആത്മവിശ്വാസം നിറക്കുന്നതായി സ്‌പേസിക്ക് മനസിലായി. അത് അവര്‍ക്ക് അവസരങ്ങളൊരുക്കുന്നു.

‘LEARNING, LEADING, EARNING’ (പഠിക്കുക, നയിക്കുക, സമ്പാദിക്കുക) എന്നതാണ് മാജിക് ബസ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ട് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി 40 സെഷനുകള്‍ നടത്തും. വിദ്യാഭ്യാസം, ലിംഗം, ആരോഗ്യം, മറ്റ് പ്രധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചെല്ലാം കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുക്കുന്നുണ്ട്. ആമസോണ്‍ ഇന്ത്യ, ഏഷ്യന്‍ പെയ്ന്റ്‌സ്, ബ്ലൂംബര്‍ഗ്, എച്ച്എസ്ബിസി, എന്‍ഐഐടി, നൈക്കി, റിലൈന്‍സ് ഫൗണ്ടേഷന്‍, വൊഡാഫോണ്‍ ഇന്ത്യ, വിപ്രോ, ബിഎംഡബ്ലു തുടങ്ങിയ കമ്പനികളുമായെല്ലാം മാജിക് ബസിന് സഹകരണമുണ്ട്. 2014ല്‍ രാഷ്ട്രപതിയുടെ നാഷണല്‍ സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

This post was last modified on December 2, 2017 6:02 pm