X

ഇസ്ലാമബാദില്‍ ഇന്ത്യ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുത്തെടുത്ത തല വലതുകൈയിലും ഇടതു കൈയില്‍ രക്തം കിനിയുന്ന കത്തിയുമായി നില്‍ക്കുന്ന പാകിസ്താന്‍ ആര്‍മി ചീഫ് റാഹില്‍ ഷരീഫിന്റെ ചിത്രവുമായി ഇസ്ലാമാബാദില്‍ ഇന്ത്യ വിരുദ്ധ പ്രകടനം.

കശ്മീരിനെ ചൊല്ലിയുള്ള അധികാര തര്‍ക്കവും ഇന്ത്യയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണവും ചേര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അകലം കൂടുതല്‍ വഷളാക്കുന്നതിനിടയിലാണ് പാക് തലസ്ഥാനത്ത് കടുത്ത രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തലയറുത്തു നില്‍ക്കുന്ന തങ്ങളുടെ സൈനികമേധാവിയുടെ ചിത്രം പതിച്ച പോസ്റ്ററുകളുമായി നിരവധി പേരാണ് ഇന്ത്യാവിരുദ്ധ പ്രക്ഷോഭത്തിനായി തെരുവിലിറങ്ങിയതെന്നു പാകിസ്താന്‍ ദിനപത്രമായ ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു പിന്നാലെ ഉടലെടുത്ത കലാപവും അതിനെതിരെയുണ്ടായ സൈനിക നടപടികളും ഇന്ത്യക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് പാകിസ്താനില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യന്‍ നീക്കങ്ങള്‍ ശക്തമാക്കിയതോടെ ഇന്ത്യന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് അയല്‍നാട്ടില്‍ കൂടുതല്‍ തീവ്രതവന്നതായും പാക് മാധ്യമങ്ങള്‍ പറയുന്നു. ഐക്യരാഷ്ട്രസഭയില്‍ കശ്മീരിനെ ചൊല്ലി ഇന്ത്യയും പാകിസ്താനും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് ഇസ്ലാമാബാദില്‍ രക്തപങ്കിലമായ സന്ദേശങ്ങള്‍ ഇന്ത്യക്ക് കൈമാറുന്ന തരത്തിലുള്ള പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നത്.

This post was last modified on December 27, 2016 2:26 pm