X

മോദിയുടേയും മന്ത്രിമാരുടേയും വിദേശ യാത്ര ചെലവില്‍ 80 ശതമാനം വര്‍ദ്ധനവ്

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മന്ത്രിസഭാംഗങ്ങളുടേയും വിദേശ യാത്രാ ചെലവില്‍ 2015-16 സാമ്പത്തികവര്‍ഷം 80 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രിയും മന്ത്രിമാരും 567 കോടി രൂപയാണ് വിദേശയാത്രയ്ക്കായി പൊതു ഖജനാവില്‍ നിന്നും ചെലവഴിച്ചിരിക്കുന്നത്. ഇവരുടെ ഉദ്യോഗസ്ഥരുടെ യാത്രാ ചെലവ് വേറെ വരും. 500 കോടിയിലധികം രൂപയാണ് ഉദ്യോഗസ്ഥരുടെ ചെലവ്. പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്കായി മാറ്റിവച്ചിരുന്നത് 269 കോടി രൂപ മാത്രമാണ്.

2009 മുതല്‍ 2014 വരെ യുപിഎ രണ്ടിലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മന്ത്രിമാരും വിദേശയാത്രയ്ക്കായി ചെലവഴിച്ചത് 15,00 കോടി രൂപയാണ്. എന്നാല്‍ 2014-ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 1,140 കോടി രൂപ വിദേശ യാത്രയ്ക്കായി ചെലവഴിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം വിദേശ യാത്രാ ചെലവില്‍ 54 ശതമാനം കുറവു വരുത്തുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

യുപിഎ മന്ത്രിസഭയേക്കാള്‍ ചെറിയ മന്ത്രിസഭയാണ് മോദിയുടേതെങ്കിലും അവരുടെ ശമ്പള ബില്ലില്‍ 25 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. യുപിഎ മന്ത്രിസഭയില്‍ 75 അംഗങ്ങളാണുണ്ടായിരുന്നത്. മോദി മന്ത്രിസഭയില്‍ 64 അംഗങ്ങളുമുണ്ട്. മോദിയുടെ മന്ത്രിമാരുടെ അലവന്‍സുകള്‍ 10.20 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. യുപിഎ മന്ത്രിസഭയുടേതില്‍ നിന്നും എട്ട് ശതമാനം കൂടുതല്‍.

2015-നുശേഷം കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015 മാര്‍ച്ച് ഒന്നിന് 900 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിടത്ത് 2016-ല്‍ 1201 ഉദ്യോഗസ്ഥര്‍ കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നുണ്ട്.

യാത്രാബില്‍ കുറയ്ക്കുമെന്ന് സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയാകുമ്പോഴേക്കും അവ പിന്‍വലിക്കാറുമുണ്ട്.

This post was last modified on December 27, 2016 3:54 pm