X

ഗോ രക്ഷകരുടെ അതിക്രമം; പഞ്ചാബിലും പ്രതിഷേധം

അഴിമുഖം പ്രതിനിധി

ദളിത് പ്രക്ഷോഭം രാജ്യത്ത് പടരുമ്പോഴും ഗോ രക്ഷകരുടെ അതിക്രമം കുറയുന്നില്ല. ഗുജറാത്തിനു പിന്നാലെ പഞ്ചാബിലും പശുവിന്റെ പേരില്‍ തങ്ങള്‍ അക്രമിക്കപ്പെടുകയാണെന്ന പരാതിയുമായി പുരോഗമന ക്ഷീര കര്‍ശകര്‍ രംഗത്തു വന്നിരിക്കുന്നു. കര്‍ഷകര്‍ കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ ഗോ രക്ഷകര്‍ ആക്രമിക്കുകയാരുന്നുവെന്നാണ് പറയുന്നത്.

ഇങ്ങനെ പോയാല്‍ കന്നുകാലികളുടെ കച്ചവടം സംസ്ഥാനത്ത്  തകരുമെന്നും സര്‍ക്കാര്‍ ഈ ആക്രമണങ്ങള്‍ക്കെതിരെ നടപടികളൊന്നും സ്വകരിക്കുന്നില്ലെന്നും ക്ഷീര കര്‍ഷകരുടെ പ്രതിനിധികള്‍ പറഞ്ഞു.

വിശ്വസനീയമല്ലാത്ത ചിലരെയും ഗോ സംരക്ഷക സംഘങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെയും സംഘടിപ്പിച്ച് സര്‍ക്കാര്‍ ഗോ സംരക്ഷണ സമതി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കച്ചവടക്കാരെയും ക്ഷീര കര്‍ഷകരെയും തകര്‍ക്കാനും അവരില്‍ നിന്നും പണം തട്ടാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ക്ഷീര കര്‍ഷകരുടെ അസോസിയേഷന്‍ ഡയറക്ടര്‍ ദല്‍ജിത്ത് സിങ് പറഞ്ഞു.

സാമ്പത്തികമായി കര്‍ഷര്‍ക്ക് താങ്ങാന്‍ കഴിയാത്ത പരമ്പരാഗതമായുള്ള
പശുക്കളെ വളര്‍ത്തല്‍ പ്രചരിപ്പിക്കാന്‍ ആര്‍എസ്എസിന്റെ ആഞ്ജ പ്രകാരം സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

അടുത്ത കാലത്ത് കന്നുകാലികളെ കടത്തിലൂടെ കൊണ്ടുപോകുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ എന്‍ഒസി വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നൂറ് കണക്കിന് അപേക്ഷകളാണ് ഡെപ്യൂട്ടി കമ്മീഷണറിന്റെ ഓഫീസില്‍ കെട്ടിക്കിടക്കുന്നതെന്നും ദല്‍ജിത്ത് പറഞ്ഞു.

എന്‍ഒസിയുടെ പേരില്‍ വലിയ അഴിമതികളാണ് ഹരിയാനയിലെ ദബ്വാലി പശുച്ചന്തയിലും പഞ്ചാബ് അതിര്‍ത്തിയായ മുക്സ്റ്റാറിലും നടക്കുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ എന്‍ഒസി നല്‍കാത്തതിനാല്‍ മാര്‍ക്കറ്റ് ഫീ എന്ന പേരില്‍ 2000 രൂപ സംസ്ഥാനത്തു നിന്നു കൊണ്ടുപോകുന്നതിന് കൊടുക്കേണ്ടി വരുന്നുണ്ടെന്ന് കന്നുകാലി കച്ചവടം ചെയ്യുന്ന അമര്‍ജിത്ത് സിങ് പറഞ്ഞു,

കന്നുകാലികളെ കൊണ്ടു പോകുന്നതിന് ചിലവ് ഇപ്പോള്‍ ഇരുപതിനായിരത്തില്‍ നിന്നും അറുപതിനായിരമായി. ബാത്തിന്‍ഡാ കണ്‌ഡോണ്‌മെന്റ് പോലീസ് കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് ഗോ രക്ഷകര്‍ വണ്ടിയുടെ ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നുവെന്ന് അമര്‍ജിത്ത് പറയുന്നു.

എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും പെര്‍മിറ്റ് ഇല്ലാതെ പശുക്കളെ കൊണ്ടുപോയതിനാണ് വാഹനം തടഞ്ഞതെന്നും ബാത്തിന്‍ഡാ എസ്എസ്പി സ്വാപന്‍ ശര്‍മ പറഞ്ഞു.

This post was last modified on December 27, 2016 4:31 pm