X

പീഢനശ്രമത്തിനിടയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; എല്ലാം ദൈവഹിതമെന്ന് പഞ്ചാബ് മന്ത്രി

അഴിമുഖം പ്രതിനിധി

പഞ്ചാബില്‍ ഓടുന്ന ബസില്‍ വച്ച് നടന്ന പീഢനശ്രമം ചെറുക്കുന്നതിനിടയില്‍ തെറിച്ചുവീണു പതിമൂന്നുകാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി സംസ്ഥാന മന്ത്രി രംഗത്ത്. അപകടം ദൈവവിധിയാണെന്നും വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിംഗ് രഖ്‌റയുടെ പ്രസ്താവന.സുരക്ഷയൊരുക്കാനെ സര്‍ക്കാരിനു കഴിയുള്ളൂവെന്നും മന്ത്രി പറഞ്ഞൊഴിഞ്ഞു. 

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന പരാതി ശക്തമായി ഉയരുന്നതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന വരുന്നത്. ഇത്തരമൊരു പരാമര്‍ശത്തിലൂടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുകയും ഇതിനെ ഒരു അപകടമാക്കി മാറ്റാനുള്ള ശ്രമം ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ നടത്തുന്നുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലി വാഗ്ദാനവും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചു. കുറ്റക്കാരെ കണ്ടെത്തണമെന്നും ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യണമെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ളതാണ് മാനഭംഗശ്രമം നടന്ന ബസ്. പെണ്‍കുട്ടിയുടെ അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും ബസില്‍ നിന്ന് എടുത്തെറിയുകയായിരുന്നുവെന്നാണ് പറയുന്നത്.

This post was last modified on December 27, 2016 2:57 pm