X

പീരുമേട് ഭൂമി കൈമാറ്റം: ഉമ്മന്‍ ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

അഴിമുഖം പ്രതിനിധി

ഇടുക്കി പീരുമേടിലെ ഹോപ് പ്ലാന്റേഷന്റെ 724 ഏക്കര്‍ മിച്ചഭൂമി തോട്ടയുടമയ്ക്ക് വിട്ടുകൊടുത്തെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. എറണാകുളം വിജിലന്‍സ് സംഘത്തിന് അന്വേഷണ ചുമതല നല്‍കി മൂവ്വാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയെയും ഇടുക്കി പീരുമേട് ഹോപ് പ്ലാന്റേഷന്‍, ലൈഫ് ടൈം പ്ലാന്റേഷന്‍, ബഥേല്‍ പ്ലാന്റേഷന്‍ എന്നിവയെയും പ്രതിചേര്‍ത്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

തെരഞ്ഞെടുപ്പിന് മുന്‍പായി ഭൂമി ധൃതി പിടിച്ച് സ്വകാര്യ കമ്പനിക്ക് പതിച്ചു നല്‍കിയത് ഏതവസരത്തിലാണ് എന്നും ഉത്തരവ് ഇറക്കുന്നതില്‍ നിയമ വകുപ്പിന്റെ ഉപദേശം തേടിയോ എന്നുമുള്ള ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്  പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു. പീരുമേട് സ്വദേശി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപാട് പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയാണെന്ന് സുപ്രീം കോടതി വിലയിരുത്തിയ ഭൂമി ധൃതിപിടിച്ച് സ്വകാര്യ കമ്പനിക്ക് പതിച്ചു നല്‍കിയതിന്റെ കാരണമാണ് കോടതി പരിശോധിക്കാന്‍ നിര്‍ദേശിച്ചത്.

 

This post was last modified on December 27, 2016 4:31 pm