X

ടി പി ശ്രീനിവാസനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു

അഴിമുഖം പ്രതിനിധി

ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് എത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി പി ശ്രീനിവാസനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. കോവളത്താണ് സംഭവം. വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്നാണ് ആഗോള വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ വാണിജ്യവല്‍ക്കരിച്ചും സ്വകാര്യവല്‍ക്കരിച്ചും തകര്‍ക്കാനാണ് ഈ സമ്മേളനം എന്ന് ആരോപിച്ച് ഇന്ന് സമ്മേളന വേദിയിലേക്ക് എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയില്‍ ഇവിടെ എത്തിയ ശ്രീനിവാസനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം കാറില്‍ നിന്ന് പുറത്തിറങ്ങി സമ്മേളന വേദിയിലേക്ക് നടന്നപ്പോഴാണ് അദ്ദേഹത്തെ പ്രതിഷേധക്കാര്‍ മര്‍ദ്ദിച്ചത്. കൈയേറ്റ ശ്രമത്തിനിടെ അദ്ദേഹം തറയില്‍ വീണു. എന്നാല്‍ തന്നെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തപ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ശ്രീനിവാസന്‍ ആരോപിച്ചു.

തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. ഒമ്പരതയ്ക്കാണ് സമ്മേളനം ആരംഭിക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബും സമ്മേളനത്തില്‍ പങ്കെടുക്കും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.

എസ് എഫ് ഐ നടത്തിയ കൈയേറ്റം നടത്തിയവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് എസ് എഫ് ഐ പ്രസിഡന്റ് വി പി സാനു പറഞ്ഞു. ടി പി ശ്രീനിവാസനെയെന്നല്ല ആരേയും മര്‍ദ്ദിക്കുന്നിതനോടെ ആ രീതിയില്‍ പ്രതികരിക്കുന്നതിനോടോ എസ് എഫ് ഐയ്ക്ക് യോജിപ്പില്ല. എന്നാലും ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് പരസ്യമായി മാപ്പു പറയാനും സംഘടന തയ്യാറാണെന്നും സാനു പറഞ്ഞു.

കൈയേറ്റം ചെയ്തതില്‍ സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ക്ഷമ ചോദിച്ചു.

വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മുഖത്താണ് ആ അടി വീണതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി പറഞ്ഞു. ടിപിയെ ആക്രമിച്ച പ്രവര്‍ത്തകനെ എസ് എഫ് ഐ പുറത്താക്കുകയും പൊലീസ് കേസെടുക്കുകയും വേണമെന്നും ജോയി ആവശ്യപ്പെട്ടു.

ആശയപരമായി വിയോജിപ്പുള്ള കാര്യങ്ങളെ കായികമായി നേരിടുന്നത് എസ് എഫ് ഐ മുമ്പും ചെയ്തിട്ടുള്ളതാണെന്ന് എ ബി വി പി. ടിപിയെ പോലെ ലോക പ്രശസ്തനും വിദ്യാഭ്യാസ മേഖലയില്‍ തന്റേതായ സംഭാവന നല്‍കിയിട്ടുള്ളതുമായ വ്യക്തിയെ കൈയേറ്റം ചെയ്തതിലൂടെ അവരുടെ നിലപാട് വീണ്ടും വ്യക്തമായിരിക്കുകയാണ്. ചര്‍ച്ചകളിലൂടെയും സമാധാനപരമായ പ്രകടനങ്ങളിലൂടെയും വ്യക്തമാക്കേണ്ടിയിരുന്ന പ്രതിഷേധം അക്രമത്തിലൂടെ പ്രകടമാക്കിയത് കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് കളങ്കമായിരിക്കുകയാണ് എന്ന് എ ബി വി പി സംസ്ഥാന പ്രസിഡന്റ് സി കെ രാജീവ് പറഞ്ഞു.

 

This post was last modified on December 27, 2016 3:34 pm