X

ഷാരൂഖ് ഖാൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള കുടുംബാംഗമെന്ന് പിണറായി വിജയന്‍

രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയ്ക്കെതിരെ പ്രതികരിച്ച  ബോളിവുഡ് താരം ഷാരൂഖ് ഖാനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംഘ പരിവാര്‍ നിലപാടിനെതിരെ സി പി ഐ എം പോളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

ലോകാരാധ്യനായ ചലച്ചിത്രതാരം ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാൻ ഉത്തരവിടുന്ന സംഘ പരിവാർ ശക്തികൾ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നത്.

ഏറ്റവും പ്രശസ്തരായ ഇന്ത്യക്കാരിൽ ഒരാൾ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മഹിതമായ പാരമ്പര്യമുള്ള കുടുംബാംഗം കൂടിയാണ് ഷാരൂഖ് ഖാൻ. സ്വാതന്ത്ര്യസമര സേനാനി മീര്‍ താജ് മുഹമ്മദ്ഖാന്റെ മകന്‍. സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഐ എൻ എ യിൽ മേജർ ജനറലായിരുന്ന ഷാനവാസ് ഖാന്റെ ദത്തു പുത്രി ലത്തീഫ് ഫാത്തിമയാണ് ഷാരൂഖിന്റെ മാതാവ്. പെഷാവറില്‍നിന്ന് വിഭജനകാലത്ത് പാകിസ്ഥാൻ വിട്ടു ഡല്‍ഹിയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഷാരൂഖ്. ദേശീയ പ്രസ്ഥാനത്തോട് പുറം തിരിഞ്ഞു നിന്ന ആർ എസ് എസിന് ആ കുടുംബത്തിന്റെ പാരമ്പര്യം അറിയാത്തതിൽ അത്ഭുതമില്ല.

ഏതെങ്കിലും ഇന്ത്യാവിരുദ്ധ പ്രസ്താവനയോ വര്‍ഗീയ ഇടപെടലോ നടത്തിയിട്ടല്ല ഷാരൂഖ് ഖാന് നേരെ സംഘപരിവാറിന്റെ അനേകം നാവുകള്‍ ഒന്നിച്ച് നീണ്ടുചെല്ലുന്നത്. രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും മതസഹിഷ്ണുത പുലര്‍ത്താത്തതും മതേതരത്വം കാത്തുസൂക്ഷിക്കാത്തതും രാജ്യത്തോടുള്ള ദ്രോഹമാണെന്നും ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞതാണ് ആര്‍എസ്എസിന്റെ പ്രകോപനം. വളരുന്ന അസഹിഷ്ണുതയോടുള്ള പ്രതിഷേധസൂചകമായി കലാകാരന്മാരും സാഹിത്യനായകരും ശാസ്ത്രജ്ഞരും പുരസ്‌കാരങ്ങള്‍ ഉപേക്ഷിക്കുന്നതിനെ ആദരവോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതോടെയാണ് പാകിസ്ഥാനിലേക്ക് ആട്ടിയോടിക്കപ്പെടേണ്ടവനാണ്, ഇന്ത്യാ വിരോധിയാണ് ഷാരൂഖ് ഖാന്‍ എന്ന ആക്രോശവുമായി സംഘപരിവാര്‍ നേതാക്കള്‍ രംഗത്തുവന്നത്. ഷാരൂഖ് രാജ്യദ്രോഹിയെന്നും പാകിസ്ഥാനില്‍ ആത്മാവും ഇന്ത്യയില്‍ ജീവിതവുമാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ കുറ്റപ്പെടുത്തി. ഷാരൂഖ്ഖാന്റെ ചലച്ചിത്രങ്ങള്‍ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചാണ് ബിജെപി എംപി യോഗി ആദിത്യനാഥ് പറയുന്നത്. പത്മശ്രീ തിരിച്ചുകൊടുക്കണമെന്നാണ് ബാബാ രാംദേവിന്റെ ആവശ്യം. ഷാരൂഖ് പാകിസ്ഥാനിലേക്ക് പോകട്ടെയെന്ന് സ്വാധി പ്രാച്ചി ആവര്‍ത്തിച്ചുപറയുന്നു.

ഇവരെല്ലാം ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്നവരാണ്. നരേന്ദ്ര മോദിയുടെ പരിവാരത്തില്‍പ്പെട്ടവരാണ്. ഇത്തരം വര്‍ഗീയനാവുകളെ അടക്കിനിര്‍ത്താന്‍ ആര്‍എസ്എസിന് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം പ്രസക്തമല്ല. കാരണം ഇവരുടെ രക്ഷാകര്‍തൃത്വം തന്നെ ആർ എസ് എസിനാണ്.

രാഷ്ട്രപതി നാലുവട്ടം ആശങ്കയോടെ ചൂണ്ടിക്കാട്ടിയ അസഹിഷ്ണുത എല്ലാ അതിരുകളും ഭേദിച്ച് മുന്നേറുകയാണ് എന്നതിന്റെ തെളിവാണിത്. രാഷ്ട്രപതിയുടെ വാക്കുകൾ ആവർത്തിച്ച ഷാരൂഖ് ഖാന് രാജ്യ ദ്രോഹിപ്പട്ടം ചാർത്തിക്കൊടുക്കുന്നവർ നാളെ രാഷ്ട്രപതിയോട് തന്നെ ഇതേ സമീപനം സ്വീകരിക്കും. രാഷ്ട്ര പിതാവിന്റെ ഘാതകന് ക്ഷേത്രം പണിയുന്ന സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഈ തിളച്ചുമറിയൽ വലിയ വിപത്തിന്റെ സൂചനയാണെന്ന് തിരിച്ചറിഞ്ഞു പ്രതികരണങ്ങൾ ഉയരണം.

This post was last modified on December 27, 2016 3:23 pm