X

ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

ശശികലയുള്‍പ്പെട്ട അനധികൃത സ്വത്തു സമ്പാദന കേസില്‍ സുപ്രീം കോടതി വിധി അടുത്താഴ്ച വരും

തമിഴ്‌നാട്ടില്‍ അപ്രതീക്ഷിതമായ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി എ ഐ എ ഡിഎം കെ ജനറല്‍ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. മദ്രാസ് സര്‍വകലാശാലയുടെ ശതാബ്ദി ഓഡിറ്റോറിയത്തില്‍ ഇന്നു നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ നടക്കാന്‍ സാധ്യതയില്ലെന്നാണു വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃക സ്വത്തുസമ്പാദന കേസില്‍ സുപ്രീം കോടതി അടുത്താഴ്ച വിധി പറയാനിരിക്കുന്നതാണു ശശികലയുടെ സ്ഥാനലബ്ധി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.

സംസ്ഥാനത്തു പുതിയതായി സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടത്തി. സുപ്രീം കോടതിയില്‍ നിന്നുള്ള വിധി വന്നതിനുശേഷം സത്യപ്രതിജ്ഞ മതിയെന്ന നിലപാടു സ്വീകരിക്കാനാണു ഗവര്‍ണര്‍ക്കു നിയമോപദേശം കിട്ടിയിരിക്കുന്നതെന്നും അറിയുന്നു. ചെന്നൈയിലേക്കുള്ള യാത്ര മാറ്റിവച്ചു ഗവര്‍ണര്‍ മുംബൈയ്ക്കു പോയത് ഇത്തരമൊരു നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണു മുംബൈയിലേക്കു പോയതെന്നാണു വിശദീകരണമെങ്കിലും ഗവര്‍ണറുടെ നടപടി ശശികലയുടെ സത്യപ്രതിജ്ഞ വൈകുമെന്നു തന്നെയാണു സൂചന. രണ്ടുദിവസം ഗവര്‍ണര്‍ തമിഴ്‌നാട്ടിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
സ്വത്തുസമ്പാദന കേസില്‍ ജയലളിതയെയും ശശികലയെയും ഉള്‍പ്പെടെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കി ഹര്‍ജിയിലാണു വിധി ഉണ്ടാവുക.

ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രി പദത്തിലെത്തിയ ഒ. പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം ശശികലയ്ക്കായി രാജിവച്ചിരുന്നു. ശശികല ചുമതല ഏറ്റെടുക്കുന്നതുവരെ താത്കാലികമായി മുഖ്യമന്ത്രി പദം വഹിക്കുന്നതും പനീര്‍ശെല്‍വമാണ്. മുഖ്യമന്ത്രി പദം ഏറ്റെടുത്തശേഷം ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ നിന്നോ ആണ്ടിപ്പട്ടിയില്‍ നിന്നോ മത്സരിക്കാനാണു ശശികലയുടെ തീരുമാനം. എന്നാല്‍ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടിയിലും ശശികലയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. നാല്‍പ്പതോളം എ ഐ എഡി എംകെ എംഎല്‍എമാര്‍ ശശികല മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കുന്നതായും അറിയുന്നു. ജയലളിതയുടെ സഹോദര പുത്രി ദീപ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന വാര്‍ത്തയും യാാഥര്‍ത്ഥ്യമാകുന്നതോടെ എ ഐ എ ഡി എം കെ പിളരാനുള്ള സാധ്യത തന്നെയുണ്ട്. എന്തായാലും ശശികലയുടെ മുന്നോട്ടുള്ള യാത്ര ഒട്ടും എളുപ്പമാകില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

This post was last modified on February 7, 2017 11:43 am