X

ജാര്‍ഖണ്ഡിലെ ജാദുഗോര: ഇന്ത്യയുടെ നിശബ്ദ ചെര്‍ണോബില്‍

ജാദുഗോരയിലെ അനിയന്ത്രിതമായ യുറേനിയം ഖനന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അവിടുത്തെ ആദിവാസികളടക്കമുള്ള സാധാരണ ജനങ്ങളെയാണ്. ഖനികളില്‍ നിന്നും അപകടകരമാം വിധം റേഡിയോ ആക്ടീവ് കിരണങ്ങളും വിഷാംശം നിറഞ്ഞ മാലിന്യങ്ങളും പുറം തള്ളപ്പെടുന്നു.

ആണവോര്‍ജ്ജ രംഗത്ത് ലോകശക്തിയാകാനൊരുങ്ങുകയാണ് ഇന്ത്യ. 2032-ഓടെ 63 ജിഗാവാട്ട് ആണവോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. പക്ഷെ, ആണോവോര്‍ജ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ക്കൊന്നും ഇനിയും പരിഹാരമായിട്ടുമില്ല. ആണവ നിലയങ്ങളിലെ അപകട സാധ്യത വര്‍ധിക്കുകയാണ്. ആണവമാലിന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ മാര്‍ഗമൊന്നുമില്ല. ഇതിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രദേശമാണ് ജാര്‍ഖണ്ഡിലെ ജാദുഗോര. ലോകത്തിലെ ഏറ്റവും മികച്ച ഗുണമേന്മയുള്ള യുറേനിയത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും നിക്ഷേപമുള്ള പ്രദേശം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആണോവോര്‍ജ്ജ പ്രതീക്ഷകളെല്ലാം ജാദുഗോരയുടെ ചുമലിലാണ്.

ജാദുഗോരയിലെ അനിയന്ത്രിതമായ യുറേനിയം ഖനന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അവിടുത്തെ ആദിവാസികളടക്കമുള്ള സാധാരണ ജനങ്ങളെയാണ്. ഖനികളില്‍ നിന്നും അപകടകരമാം വിധം റേഡിയോ ആക്ടീവ് കിരണങ്ങളും വിഷാംശം നിറഞ്ഞ മാലിന്യങ്ങളും പുറം തള്ളപ്പെടുന്നു. യുറേനിയം അയിര് തുറന്ന ട്രാക്കുകളില്‍ കൊണ്ടുപോകുമ്പോള്‍ റോഡിന്റെ വശങ്ങളില്‍ അതിന്റെ അവശിഷ്ടങ്ങള്‍ വീഴുന്നു. മാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളിലും സമീപത്തെ കുളങ്ങളിലും പുറംതള്ളുന്നു. ഇത്തരം സ്ഥലങ്ങള്‍ക്കടുത്തുള്ള ഗ്രാമങ്ങില്‍ താമസിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ വിഷം കലര്‍ന്ന പൊടിക്കാറ്റും മഴക്കാലങ്ങളില്‍ വിഷമയമായ വെള്ളവും. വീര്‍ത്ത തലയുമായും, രക്തസംബന്ധമായ പ്രശ്‌നങ്ങളുമായും, വിചിത്രമായ രൂപങ്ങളുമായും പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ ഈ പ്രദേശങ്ങളിലെ ഏറ്റവും ദുരിതം നിറഞ്ഞ കാഴ്ച്ചകളിലൊന്നാണ്. കൂടാതെ ഇവിടങ്ങളില്‍ മരണപ്പെടുന്ന ഭൂരിഭാഗം പേരും കാന്‍സര്‍ രോഗബാധിതരാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോര്‍ പീസ് ആന്റ് ഡവലപ്‌മെന്റ് (ഐഡിപിഡി) നടത്തിയ പഠനപ്രകാരം 68.33 ശതമാനം പേര്‍ 62 വയസിനു മുമ്പ് മരണപ്പെടുന്നു. ഈ പ്രദേശത്തിലൂടെ ഒഴുകുന്ന സുബര്‍ണ്ണരേഖാ നദി, യുറേനിയത്താല്‍ വലിയ രീതിയില്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ സമീപത്ത് ജീവിക്കുന്നവര്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ജാദുഗോരയിലെ കുളങ്ങളില്‍ കിടക്കുന്ന ടണ്‍ കണക്കിന് ന്യൂക്ലിയര്‍ മാലിന്യങ്ങള്‍ മുഴുവന്‍ സ്ഥലത്തെയും നശിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ സയന്‍സ് ഫാക്കല്‍റ്റി ഡീനും ഭൗതികശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ ദീപക് ഘോഷ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നദിയില്‍ നിന്നും അടുത്തുള്ള കിണറുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ഗവേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങള്‍ തന്നെ ആശങ്കാജനകമായിരുന്നു.

തൊലിയ്ക്കോ വസ്ത്രങ്ങള്‍ക്കോ ആഗിരണം ചെയ്യാന്‍ കഴിയാത്ത റേഡിയോ ആക്ടീവ് ആല്‍ഫാ കണങ്ങളുടെ സാന്നിദ്ധ്യം കൂടുതലായി ഉണ്ടെന്നും എന്നാല്‍ ഇത് ഉള്ളില്‍ പ്രവേശിച്ചാല്‍ മറ്റുള്ള വികിരണത്തേക്കാള്‍ 1,000 മടങ്ങ് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായി. എന്നാല്‍ ഈ കണ്ടെത്തലുകളെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രധാന മൈനിംഗ് കമ്പനിയായ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (യുസിഐഎല്‍) തള്ളിക്കളയുകയാണ് ചെയ്തത്.

ആദ്യം തങ്ങളുടെ ഭൂമി നഷ്ടപ്പെട്ട ജാദുഗോരയിലെ ആദിവാസികള്‍ക്ക് ഇപ്പോള്‍ അവരുടെ ആരോഗ്യവും നഷ്ടപ്പെടുകയാണ്. യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെയാണ് യുസിഐഎല്‍ കമ്പനിയില്‍ ആളുകള്‍ ജോലി ചെയ്യുന്നതെന്നും, കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് പ്രതിദിനം 300 രൂപ മാത്രമാണ് പ്രതിഫലം ലഭിക്കുന്നതെന്നും ആന്റി റേഡിയേഷന്‍ ആക്ടിവിസ്റ്റായ അര്‍ജ്ജുന്‍ സാമാറ്റ് പറയുന്നു. അവര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല, സുരക്ഷാ സംവിധാനങ്ങളില്ല, അപകടങ്ങള്‍ മൂലം ജീവിതം തന്നെ പ്രതിസന്ധിയിലായവര്‍ക്കോ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കോ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല.

‘തൊഴിലാളികള്‍ക്ക് കൃത്യമായി വൈദ്യ പരിശോധനകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും വൈദ്യ പരിശോധനകള്‍ നിര്‍ബന്ധമാക്കുവാന്‍ യുസിഐഎല്‍ തീരുമാനിച്ചു. എന്നാല്‍ കരാറില്‍ അത് പരാമര്‍ശിക്കുന്നില്ല എന്ന കാരണത്താല്‍ പരിശോധനാ ചിലവുകള്‍ കമ്പനിക്ക് വഹിക്കാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ തന്നെ ചെയ്യണമെന്നുമാണ് അവര്‍ പറയുന്നത്. വൈദ്യ പരിശോധന നടത്താന്‍ 3,500 രൂപയാണ് ചിലവ്. ഇത്രയും പണം ലഭിക്കാന്‍ അവര്‍ പത്തു ദിവസം ജോലി ചെയ്യണം’ അര്‍ജ്ജുന്‍ സാമാറ്റ് പറയുന്നു.

വായനയ്ക്ക്: https://goo.gl/wfWG3A

This post was last modified on June 23, 2018 1:45 pm