X

ടി പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ് എഫ് ഐ നേതാവിനെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി

അഴിമുഖം പ്രതിനിധി

ടി പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ് എഫ് ഐ നേതാവിനെതിരെ സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ എസ് ശരത്തിനെതിരെയാണ് നടപടിയെടുത്തത്. ശരത്തിനെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി. സംഭവിക്കാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

ശ്രീനിവാസനെ കൈയേറ്റം ചെയ്തത് അതിരു കടന്ന നടപടിയാണെന്നും അക്രമത്തെ ന്യായീകരിക്കുന്നില്ലെന്നും സിപഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി ബാലകൃഷ്ണന്‍ പറഞ്ഞു. കൈയേറ്റത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു. കൂടാതെ നടപടിയെടുക്കണമെന്ന് കോടിയേരിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.

തീരുമാനം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

വിജിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം.

ആഗോള വിദ്യാഭ്യാസ സംഗമത്തിന് എതിരെ ജനുവരി 28 ന് രാത്രി 8 മണി മുതല്‍ കോവളത്തെ ലീല ഗ്രൂപ്പ് ഹോട്ടലിന് മുന്നില്‍ ഉപരോധ സമരം ആരംഭിച്ചതാണ്. നേരത്തെ തന്നെ ഇത്തരത്തില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ വിദേശകുത്തകകള്‍ക്കും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും തീറെഴുതി നല്‍കുന്നതിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും തടയുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു.

വിദ്യാര്‍ഥി പ്രതിഷേധത്തെ പോലിസ് ഭീകരമായാണ് നേരിട്ടത് . 32 ഓളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 11 പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു .സമാധനപരമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിനിടയിലേക്ക് പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍ കടന്നുവന്നത്. തുടര്‍ന്ന് സംഭവിക്കാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായത്. ഇതില്‍ എസ്.എഫ്.ഐ ഇന്നലെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു ഒരു നയത്തിനെതിരായ സമരമാണ് എസ്.എഫ്.ഐ നടത്തിയത്, ഒരു വ്യക്തിക്കെതിരായിട്ടായിട്ടല്ല. ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമല്ലഎസ്.എഫ്.ഐ.

ടി.പി.ശ്രീനിവാസനെതിരെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിന് കാരണക്കാരനായ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ശരത് ജെ എസിനെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ കച്ചവടത്തിനെതിരായ സമരത്തിന് പൊതു സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ അഭ്യര്‍ഥിക്കുന്നു

 

This post was last modified on December 27, 2016 3:34 pm