X

ആരാണ് തമിഴ്നാട്ടിലെ ‘സൂപ്പര്‍ സി എം’ ഷീല ബാലകൃഷ്ണന്‍ ഐ എ എസ്?

അഴിമുഖം പ്രതിനിധി

ജയലളിതയുടെ വെറും ‘ഏകാധിപത്യ’ഭരണമല്ല തമിഴ്‌നാട്ടില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണം ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിയിലെ രണ്ടാം നിലയിലേക്ക് ചുരുങ്ങിയെങ്കിലും അവിടെ ഭരണനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സദാസന്നദ്ധയായി മറ്റൊരു സ്ത്രീസാന്നിധ്യമുണ്ട്. സര്‍വാധികാരിയായ മുഖ്യമന്ത്രി ജയലളിത രോഗവുമായി മല്ലിടുമ്പോള്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ ഷീല ബാലകൃഷ്ണന് ചുറ്റുമാണ് സംസ്ഥാനത്തിന്റെ ഭരണം ഇപ്പോള്‍ കറങ്ങുന്നത്. ജയലളിതയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിന് മാത്രമല്ല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആശുപത്രി സന്ദര്‍ശിക്കുന്നത്. ജയലളിത കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ തമ്പടിച്ചിരിക്കുന്ന ഷീല ബാലകൃഷ്ണനില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് കൂടിയാണ്.

ഇനി ആരാണ് ഈ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ എന്നല്ലേ? തിരുവനന്തപുരം സ്വദേശിയാണ് 1976 ഐഎഎസ് ബാച്ചില്‍ നിന്നുള്ള ഈ 62കാരി. ചീഫ് സെക്രട്ടറി പി റാമമോഹന്‍ റാവു, ഡിജിപി ടി കെ രാജേന്ദ്രന്‍ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരെല്ലാം ഷീലയുടെ ഉപദേശത്തിനായി കാത്തുനില്‍ക്കുന്നു. ജയലളിത നിയമക്കുരുക്കില്‍ പെട്ട രണ്ടു തവണയും താല്‍ക്കാലിക മുഖ്യമന്ത്രിയായ ഒ പനീര്‍സെല്‍വത്തെ പോലുള്ള മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും ഇപ്പോഴത്തെ ഭരണത്തില്‍ നാമമാത്രമായ പങ്ക് മാത്രമാണ് നിര്‍വഹിക്കാന്‍ സാധിക്കുന്നുള്ളു. പ്രധാനപ്പെട്ട നയതീരുമാനങ്ങളൊന്നും കൈക്കൊള്ളുന്നില്ലെങ്കിലും, ഭരണനിര്‍വഹണം സുഗമമായി നടത്താന്‍ ഷീല ബാലകൃഷ്ണന്റെ ഇടപെടല്‍ സഹായിക്കുന്നുണ്ട് എന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഷ്യം.

2002ല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയേറ്റില്‍ എത്തിയതോടെയാണ് ഷീല ജയലളിതയുടെ ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ തുടര്‍ന്നു അധികാരത്തില്‍ വന്ന ഡിഎംകെ ഷീലയെ ഒതുക്കിനിറുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ 2011ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ഷീലയുടെ സമയം തെളിഞ്ഞു. 2012ല്‍ ചീഫ് സെക്രട്ടറിയുടെ ഒഴിവ് വന്നപ്പോള്‍ ഭര്‍ത്താവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്നു ആര്‍ ബാലകൃഷ്ണനെ ഉള്‍പ്പെടെ മറികടന്ന് ഷീല ബാലകൃഷ്ണനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതിലേക്ക് വരെ ആ ബന്ധം വളരുകയും ചെയ്തു.

This post was last modified on December 27, 2016 2:25 pm