X

ഇത് സീരിയലല്ല, യഥാര്‍ത്ഥ ജീവിതം: സ്മൃതി ഇറാനിയോട് രോഹിതിന്റെ അമ്മ

അഴിമുഖം പ്രതിനിധി

രോഹിത് വെമുലയുടെ ആത്മഹത്യ സംബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി കള്ളം പറഞ്ഞുവെന്ന് രോഹിതിന്റെ കുടുംബവും ആരോപിച്ചു.

സ്മൃതി ഇറാനി, ഇതൊരു സീരിയലല്ല, ഇത് യഥാര്‍ത്ഥ ജീവിതമാണ്. വസ്തുതകള്‍ പറയൂ, അല്ലാതെ അവയെ വളച്ചൊടിക്കുകയല്ല വേണ്ടത്, രോഹിതിന്റെ അമ്മ രാധിക വെമുല ഡല്‍ഹിയില്‍ പറഞ്ഞു. രാധികയോടൊപ്പം മറ്റൊരു മകനും രോഹിതിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.

രോഹിതിന്റെ മൃതദേഹം വച്ച് രാഷ്ട്രീയം കളിച്ചുവെന്നും രോഹിതിന് അടുത്തേക്ക് ഡോക്ടര്‍മാരെ പോകാന്‍ സമ്മതിച്ചില്ലെന്നും ഇന്നലെ സ്മൃതി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്മൃതിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു.

ബിജെപിയെ ബുദ്ധിമുട്ടിലാക്കാന്‍ തുടങ്ങിയതുമൂലം അവര്‍ ശ്രദ്ധ മാറ്റുന്നതിനാണ് ശ്രമിക്കുന്നതെന്നും സ്മൃതിയുടെ വാദങ്ങള്‍ തെറ്റാണെന്നും രോഹിതിന്റെ സഹോദരന്‍ രാജ പറഞ്ഞു.

രോഹിതിന്റെ മൃതദേഹം പരിശോധിച്ച ഡോക്ടറും വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഇത് രാജ ചൂണ്ടിക്കാണിച്ചു.

ജനുവരി 17-ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലാണ് രോഹിത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാതി വിവേചനത്തിന്റെ ഇരയാണ് അദ്ദേഹമെന്ന് പ്രതിപക്ഷവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. രോഹിതിന് എതിരെ സര്‍വകലാശാല അധികൃതര്‍ നടപടി സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. സ്മൃതി ഇറാനിയുടേയും കേന്ദ്രമന്ത്രിയായ ബന്ദാരു ദത്താത്രേയയുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രോഹിതിനെതിരെ നടപടി സ്വീകരിച്ചത്.

This post was last modified on December 27, 2016 3:49 pm