X

‘ഒരു കത്തിമുനയ്ക്ക് തളർത്തി കളയാനാകാത്ത കരുത്തുള്ള സഖാവാണ് സൈമൺ ബ്രിട്ടോ’: മഞ്ജു വാര്യർ

കാലത്തിന് തോല്പിക്കാനാകാത്ത സഖാവാണ് സൈമൺ ബ്രിട്ടോ.

അന്തരിച്ച മുൻ എം എൽ എയും സി പി എം നേതാവുമായ സൈമൺ ബ്രിട്ടോയെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. കാലത്തിന് തോല്പിക്കാനാകാത്ത സഖാവാണ് സൈമൺ ബ്രിട്ടോയെന്ന് മഞ്ജു തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. “കാലത്തിന് തോല്പിക്കാനാകാത്ത സഖാവാണ് സൈമൺ ബ്രിട്ടോ. ഒരു കത്തിമുനയ്ക്ക് തളർത്തി കളയാനാകാത്ത കരുത്ത്. മരിക്കില്ല, മനസുകളിൽ ജീവിക്കും. വിട.” മഞ്ജു വാര്യർ പറഞ്ഞു.

അതെ സമയം സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളേജിന് (കളമശ്ശേരി) കൈമാറും. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറണമെന്നും മൃതദേഹത്തില്‍ റീത്തുകള്‍ വയ്ക്കുന്നത് ഒഴിവാക്കണമെന്നും ഭാര്യ സീനയോട് ബ്രിട്ടോ പറഞ്ഞിരുന്നതായി പി രാജീവ് പറയുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം. 1970കള്‍ മുതല്‍ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. 1983ല്‍ കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന ബ്രിട്ടോ പിന്നീട് വീല്‍ ചെയറിലായിരുന്നു. വീല്‍ ചെയറിലായിരിക്കുമ്പോളും പൊതുരംഗത്ത് സജീവമായി തുടര്‍ന്നു. 2006 മുതല്‍ 2011 വരെ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗമായി കേരള നിയമസഭയുടെ ഭാഗമായി.

1983 ഒക്ടോബര്‍ 14ന് എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകരുടെ സംഘട്ടനത്തില്‍ പരിക്കേറ്റേ എസ് എഫ് ഐ പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ കെ എസ് യു പ്രവര്‍ത്തകര്‍ ബ്രിട്ടോയെ മുതുകിന് കുത്തുകയായിരുന്നു. കരള്‍, ഹൃദയം, ശ്വാസകോശം, നട്ടെല്ല് എന്നിവിടങ്ങളിലെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു.

അഗ്രഗാമി എന്ന നോവല്‍ അടക്കം ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവാണ്. ഈയടുത്ത് നടത്തിയ ഉത്തരേന്ത്യന്‍ യാത്ര ശ്രദ്ധേയമായിരുന്നു. മാധ്യമപ്രവര്‍ത്തക സീന ഭാസ്കറാണ് ഭാര്യ. നിലാവാണ് മകള്‍. എറണാകുളം വടുതലയിൽ നിക്കോളാസ് റോഡ്രിഗ്‌സിന്‍റെയും ഐറിൻ റോഡ്രിഗസിന്‍റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. എറണാകുളം സെന്‍റ് ആൽബർട്‌സ് കോളജിലും ബീഹാറിലെ മിഥില സർവകലാശാലയിലുമായിരുന്നു ഉന്നത വിദ്യാഭ്യാസം.