X

സുധീരൻ നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം; രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി, പിൻവലിക്കാൻ ഉപദേശിച്ച് വിടി ബൽറാം

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണ് ചില സീറ്റുകളിൽ സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതെന്ന വി.എം സുധീരന്റെ കഴിഞ്ഞ ദിവസത്തെ വിമർശനത്തിനെതിരായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

കേരളത്തിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസില്‍ അനിശ്ചിതത്വം തുടരുമ്പോൾ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടി. കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെ പരസ്യമായി വിമര്‍ശിച്ചാണ് അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണ് ചില സീറ്റുകളിൽ സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതെന്ന വി.എം സുധീരന്റെ കഴിഞ്ഞ ദിവസത്തെ വിമർശനത്തിനെതിരായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

കോൺഗ്രസിലെ ഗ്രൂപ്പിസത്തെ വിമർശിക്കാൻ വിഎം സുധീരന് അവകാശമില്ലെന്നാണ് എ പി അബ്ദുള്ളക്കുട്ടിയുടെ നിലപാട്. ‘ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പിൽ നിന്ന് (സു) ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശികണ്ട’. അബ്ദുള്ളക്കുട്ടി പറയുന്നു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെയും പരോക്ഷമായി വിമർശിക്കുന്നുമുണ്ട് അദ്ദേഹം. എന്നാല്‍ ഗ്രൂപ്പിസത്തെ വിമർശിത്തുന്ന സുധീരൻ ചെയ്യുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം നടത്തുന്നതിന് തുല്യമാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

അതിനിടെ, അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് വിടി ബൽറാം എംഎൽഎ രംഗത്തെത്തി. പോസ്റ്റ് അനവസരത്തിലാണെന്നും പിൻ‌വലിക്കുന്നതാണെ നല്ലതെന്നുമായിരുന്നു ബൽറാമിന്റെ പ്രതികരണം. എന്നാൽ‌ പോസ്റ്റ് പിൻവലിക്കാൻ അബ്ദുള്ളക്കുട്ടി തയ്യാറായിട്ടില്ല. പോസ്റ്റ് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന ഒരു ചോദ്യത്തിന് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം സഹിക്കുന്നില്ലെന്നായിരുന്നു അബ്ദുല്ലക്കുട്ടി കമന്റിൽ നല്‍കിയ മറുപടി.

മുൻപ് എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന സതീശന്‍ പാച്ചേനിയെ സുധാകരന്‍ ഗ്രൂപ്പിലെത്തിച്ച് ഡിസിസി പ്രസിഡന്റ് പദവി നല്‍കുകയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂര്‍ നിയോജക മണ്ഡലം പാച്ചേനിക്കു കൊടുക്കുയും ചെയ്തിരുന്നു. കണ്ണുരിൽ മൽസരിച്ചിരുന്ന അബ്ദുല്ലക്കുട്ടിയെ സിപിഎം കോട്ടയായ തലശ്ശേരിയിലേക്ക് മാറ്റിയായിരുന്നു ഈ നീക്കം. എന്നാൽ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് തോൽക്കുകയും ചെയ്തു. ഇത്തവണയും സ്ഥാനാർത്ഥി നിർണയത്തിൽ അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചിട്ടില്ല ഇതിന് പിറകെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

This post was last modified on March 19, 2019 11:59 am