X

മമ്മൂട്ടിയുടെ ബാബാ സാഹെബ് അംബേദ്കർ മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്യാൻ തടസ്സം നിൽക്കുന്നത് ആര്?

എന്തായാലും ഈ സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കുകയെന്നതല്ലാതെ യാതൊരു വിട്ടുവീഴ്ചയും നമ്മൾ ആഗ്രഹിക്കുന്നില്ല.

മമ്മുട്ടിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ബാബാ സാഹെബ് അംബേദ്കർ മലയാളത്തിലേക്ക് ഡബ് ചെയ്ത് പുറത്തിറക്കുന്നതിൽ കേരളത്തിൽ നിന്നുള്ള ലോക പ്രശസ്തരായ ചില ചലച്ചിത്ര പ്രവർത്തകർക്ക് വിയോജിപ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി കേരള ദലിത് പാന്തേഴ്‌സ് പ്രസീഡിയം മെമ്പർ കെ അംബുജാക്ഷൻ. തന്റെ ഫേസ്ബുക് പോസ്റ്റിൽ ആണ് അദ്ദേഹം ചിത്രത്തിന്റെ സംവിധായകൻ ജബ്ബാര്‍ പട്ടേല്‍ തന്നോട് നടത്തിയ വെളിപ്പെടുത്തലുകൾ പങ്കു വെച്ചത്.

എന്തൊക്കെ വന്നാലും ‘ബാബാ സാഹെബ് അംബേദ്കർ’ സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കുകയെന്നതല്ലാതെ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കോടതിയില്‍ ചിത്രത്തിന്റെ മലയാളം ഡബ് പുറത്തിറക്കാന്‍ കേസിന് പോയ കേരള ദലിത് പാന്തേഴ്‌സ് പ്രസീഡിയം മെമ്പർ കെ. അംബുജാക്ഷന്‍ ഫേസ്ബുക്കിലൂടെ പറയുന്നു. മമ്മുട്ടിക്ക് മൂന്ന് ദേശീയ പുരസ്ക്കാരങ്ങള്‍ ലഭിച്ചതില്‍ ഒന്ന് 1998 ലെ ബാബാ സാഹെബ് അംബേദ്കര്‍ സിനിമയിലെ അഭിനയത്തിനായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്ക്കാരമാണ് മമ്മുട്ടിക്ക് ബാബാ സാഹെബ് അംബേദ്കറിലൂടെ ലഭിച്ചത്.

കെ അംബുജാക്ഷന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

ബാബാസാഹെബ് ഡോ.അംബേദ്കറുടെ ജീവിതവും ദർശനവും അഭ്രപാളികളിൽ സന്നിവേശിപ്പിച്ച ചലച്ചിത്രകാവ്യം മലയാളത്തിലേക്ക് മൊഴിമാറ്റം നിർവഹിച്ച് തീയറ്ററുകളിൽ പ്രദർശിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്ന കേരളീയരായ ജനലക്ഷങ്ങൾക്ക് പ്രതീക്ഷ നല്ലിക്കൊണ്ടൊരു സന്തോഷ വാർത്ത.

ഭരത് മമ്മൂട്ടിക്ക് അന്തർദ്ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത “ബാബാ സാഹെബ് അംബേദ്കർ” എന്ന ജബ്ബാർ പട്ടേൽ സംവ്വിധാനം ചെയ്ത സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് തീയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ദലിത് പാന്തർ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച്, അഡ്വ.കെ.കെ.പ്രീത മുഖാന്തിരം ഞാൻ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് പോസിറ്റീവ് ആയ ഒരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ, സംവ്വിധായകനായ ജബ്ബാർ പട്ടേൽ എന്നിവരോട് കോടതി വിശദീകരണം തേടിയിരുന്നു.

ഇന്നലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജബ്ബാർ പട്ടേൽ എന്നെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും മലയാളത്തിൽ ഉടൻ തന്നെ സിനിമ പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ KDP യുടെ നിർലോഭമായ പിൻതുണ ആവശ്യപ്പെട്ട അദ്ദേഹം ഒരു സുപ്രധാന കാര്യം കൂടി വെളിപ്പെടുത്തുകയുണ്ടായി. പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ടവരുൾപ്പെടെ കേരളത്തിൽ നിന്നുള്ള ലോക പ്രശസ്തരായ ചില ചലച്ചിത്ര പ്രവർത്തകർക്ക് സിനിമ മലയാളത്തിൽ വരുന്നതിനോട് കടുത്ത വിയോജിപ്പാണുള്ളതെന്ന്. കൂടുതൽ ചർച്ചകൾക്കായി ജബ്ബാർ പട്ടേൽ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തായാലും ഈ സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കുകയെന്നതല്ലാതെ യാതൊരു വിട്ടുവീഴ്ചയും നമ്മൾ ആഗ്രഹിക്കുന്നില്ല. ബാബാ സാഹേബ് അംബേദ്ക്കറെ സ്നേഹിക്കുന്ന മുഴുവൻ സഹൃദയരുടെയും ജനാധിപത്യ വാദികളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
ജയ് ഭീം.