X

‘മാന്യതയും, പ്രതിപക്ഷ ബഹുമാനവും എന്താണെന്ന് രാജ്യത്തിന് കാണിച്ചു കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പത്ര സമ്മേളനം’: രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയ

പപ്പുവെന്നും അമൂൽ ബേബിയെന്നും വിളിച്ച് നാളിതുവരെ ഉയർത്തിയ പരിഹാസങ്ങൾക്കൊക്കെ കണക്ക് പറഞ്ഞു മറുപടി കൊടുക്കാൻ പറ്റുന്ന അവസരമായിട്ടും രാഹുൽ കാണിച്ച പക്വതയും മാന്യതയുമുണ്ടല്ലോ,മോദി പത്ത് ജന്മം ജനിച്ചാലും ആ മാന്യതയുടെയും സ്വഭാവ മഹിമയുടേയും നാലയലത്ത് അയാൾക്കെത്താൻ കഴിയില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നിയസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനും ചത്തീസ്ഗഢും മധ്യപ്രദേശും പിടിച്ചടക്കിയ കോൺഗ്രസ്സിന്റെ മികച്ച പ്രകടനത്തിന്റെ അമരക്കാരൻ രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തുകയാണ് കഴിഞ്ഞ 48 മണിക്കൂറുകളായി സോഷ്യൽ മീഡിയ. അമുൽ ബേബി എന്നും, പപ്പു മോനെന്നും ധാരാളം ട്രോളുകൾ ഇറക്കിയിട്ടുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുലിനെ പ്രശംസിക്കാതെ തരം ഇല്ലെന്നാണ് നവമാധ്യമങ്ങൾ പറയുന്നത്.

രാഹുൽ ഗാന്ധിക്ക് കൂടുതൽ ഊർജം ലഭിക്കട്ടെ, കോൺഗ്രസ്സിന് അഭിനന്ദങ്ങൾ എന്ന് ഇടതു സഹചാരിയും, സംവിധായകനുമായ ആഷിഖ് അബു തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുൽ ഗാന്ധി വിളിച്ച പത്ര സമ്മേളനത്തെ കുറിച്ചു ബ്ലോഗർ ബഷീർ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടതിങ്ങനെ :
” രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം ശ്രദ്ധിച്ചോ..

മാന്യതയും അന്തസ്സും പ്രതിപക്ഷ ബഹുമാനവും എന്താണെന്ന് രാജ്യത്തിന് കാണിച്ചു കൊടുക്കുന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ ഓരോ വാക്കുകളും..

ഇത്തരമൊരു സന്ദർഭത്തിൽ മോദിയാണ് ഉണ്ടായിരുന്നതെങ്കിൽ അദ്ദേഹം പറയുമായിരുന്ന വാക്കുകൾ എന്തായിരിക്കുമെന്ന് ഒന്ന് സങ്കല്പിച്ചു നോക്കൂ.. തോറ്റവരോടുള്ള പുച്ഛവും പരിഹാസവും അവഹേളനവും നിറഞ്ഞുതുളുമ്പുമായിരുന്നില്ലേ. ഭീഷണിയും അഹങ്കാരവും ഗർവ്വും പത്തി വിടർത്തി ആടുമായിരുന്നില്ലേ.. നാം കണ്ടതല്ലേ അത്തരം നിരവധി മുഹൂർത്തങ്ങൾ, തെരുവ് ഭാഷണങ്ങൾ.

രാഹുൽ പത്രസമ്മേളനം തുടങ്ങിയത് തന്നെ കോൺഗ്രസ്സ് ജയിച്ച സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞു കൊണ്ടാണ്. ജനനന്മക്ക് വേണ്ടി അവർ ചെയ്ത നല്ല കാര്യങ്ങൾക്ക് നന്ദി പറയുന്നുവെന്നും അത്തരം നല്ല കാര്യങ്ങളുടെ തുടർച്ചക്ക് വേണ്ടി ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു.

അര മണിക്കൂറിലധികം നീണ്ട പത്രസമ്മേളനത്തിലുടനീളം വിജയത്തിന്റെ അഹന്തയോ അഹങ്കാരമോ ഇല്ലാതെ, പ്രതിപക്ഷ ബഹുമാനവും ആദരവും പുലർത്തിക്കൊണ്ട് നയനിലപാടുകൾ വ്യക്തമാക്കി.. ഒരു ചോദ്യത്തിന് നേരെയും മുഖം കറുപ്പിച്ചില്ല, കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ പറയാതെയുമിരുന്നില്ല.

പപ്പുവെന്നും അമൂൽ ബേബിയെന്നും വിളിച്ച് നാളിതുവരെ ഉയർത്തിയ പരിഹാസങ്ങൾക്കൊക്കെ കണക്ക് പറഞ്ഞു മറുപടി കൊടുക്കാൻ പറ്റുന്ന അവസരമായിട്ടും രാഹുൽ കാണിച്ച പക്വതയും മാന്യതയുമുണ്ടല്ലോ,മോദി പത്ത് ജന്മം ജനിച്ചാലും ആ മാന്യതയുടെയും സ്വഭാവ മഹിമയുടേയും നാലയലത്ത് അയാൾക്കെത്താൻ കഴിയില്ല.”

മോദിയെ ഇകഴ്ത്തിയും, രാഹുലിനെ പുകഴ്ത്തിയും ട്രോളുകൾ ഇറക്കുന്നവരും വിരളമല്ല.

Related Post
Leave a Comment