X

സോളാര്‍ കേസ്; ഉമ്മന്‍ ചാണ്ടിക്ക് കുരുക്കായി ടെലിഫോണ്‍ സംഭാഷണം

അഴിമുഖം പ്രതിനിധി

സോളാര്‍ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്തുവിട്ടത്. കേസിലെ പ്രതിയുടെ സഹോദരനും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ്  പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്ക് ആണ് വിളി വന്നത്. സോളാര്‍ കമ്പനിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ മണിലാല്‍ എന്ന പ്രതിയുടെ ബന്ധുക്കള്‍ക്കാണ് മുഖ്യമന്ത്രിയുടെ സഹായ വാഗ്ദാനം.

മണിലാലിന്റെ സഹോദരന്‍ റിജേഷുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. പി എ മാധവന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്. തങ്ങള്‍ ഇനിയെന്തു ചെയ്യണമെന്ന് റിജേഷ് ചോദിക്കുന്നു. ഇതിന് മറുപടിയായി മാധവനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു. 

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പി എ മാധവന്‍ എംഎല്‍എയ്ക്ക് പണം നല്‍കികയെന്നും ബന്ധുക്കള്‍ അവകാശപ്പെട്ടു. പി.എ മാധവന്‍ എം.എല്‍.എയെ കാണാന്‍ പോയ വികലാംഗനായ റിജേഷിനെയും അമ്മയെയും എം എല്‍ എ നിര്‍ദയം ആട്ടി പായിക്കുന്ന ദൃശ്യങ്ങളും ചാനല്‍ പുറത്ത് വിട്ടു. പല പ്രാവിശ്യം ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്നാണ് എംഎല്‍എ യെ നേരിട്ട് കാണാന്‍ ചെന്നത്.

സോളാര്‍ കേസുമായി നേരിട്ട് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദമാണ് ഇതോടെ പൊളിയുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതായുള്ള ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഈ ടെലിഫോണ്‍ സംഭാഷണം.

This post was last modified on December 27, 2016 2:47 pm