X

മുഖ്യമന്ത്രിക്ക് പണം നല്‍കിയത് സിജെഎം രാജുവിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു: സരിത

2012-ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിക്ഷേപക സംഗമമായ എമര്‍ജിംഗ് കേരളയ്ക്കു മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബിജു രാധാകൃഷ്ണന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍.

ഒരു മാധ്യമ പ്രവര്‍ത്തകനൊപ്പമാണ് ബിജു മുഖ്യമന്ത്രിയെ കണ്ടത്. അന്നേദിവസം 10.45-ന് മുഖ്യമന്ത്രിയുമായി സലിം രാജിന്റെ ഫോണില്‍ സംസാരിച്ചിരുന്നു. പിറ്റേന്ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ച് കാണാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെങ്കിലും ഹോട്ടലില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ കാണാനായില്ല. ഇതേ തുടര്‍ന്ന് സലിംരാജിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ ക്ലിഫ് ഹൗസില്‍ വച്ച് കാണാം എന്നു പറഞ്ഞത് അനുസരിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി. അവിടെ മുഖ്യമന്ത്രിയുടെ ഭാര്യയും മകനും പുതുപ്പള്ളിയിലെ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്ന് സരിത പറഞ്ഞു. എങ്കിലും മുഖ്യമന്ത്രിയുടെ വിശ്രമ മുറിയില്‍ വച്ച് തന്നോട് ഒറ്റയ്ക്ക് സംസാരിച്ചിരുന്നുവെന്നും സരിത പറഞ്ഞു. ബിജുവുമായി ഗസ്റ്റ് ഹൗസില്‍ സംസാരിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നോട് പറഞ്ഞു.

മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിയ്ക്കും കൈക്കൂലി നല്‍കിയ കാര്യം എറണാകുളം സിജെഎം എന്‍ വി രാജുവിന് മുമ്പാകെ രഹസ്യ മൊഴിയായി നല്‍കിയിരുന്നുവെന്നും സരിത വെളിപ്പെടുത്തി. സരിതയുടെ മൊഴി എഴുതിനാല്‍ രാജു നിര്‍ദ്ദേശിച്ചത് വിവാദമായി മാറിയിരുന്നു. താന്‍ പറഞ്ഞതെല്ലാം രാജു എഴുതിയെടുത്തിരുന്നുവെന്നാണ് ഓര്‍മ്മയെന്ന് സരിത വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദൂതന്‍മാരായി തമ്പാനൂര്‍ രവിയും ബെന്നി ബഹന്നാനും പതിവായി വിളിച്ചിരുന്നു. ദിവസവും രണ്ട് മൂന്ന് തവണ ഇവരുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. തന്റെ അമ്മയ്ക്ക് മുഖ്യമന്ത്രി വാക്കു നല്‍കിയത് കൊണ്ടാണ് മുപ്പത് പേജുള്ള കത്ത് നാല് പേജായി ചുരുങ്ങിയതെന്നും സരിത വെളിപ്പെടുത്തി. പണം തിരികെ തരാമെന്നും പ്രശ്‌നങ്ങള്‍ എല്ലാം കോടതിക്ക് പുറത്ത് തീര്‍ക്കാമെന്നും ഗണേശ് കുമാര്‍ എംഎല്‍എയുടെ പിഎ വഴി മുഖ്യമന്ത്രി ഉറപ്പു നല്‍കി.

This post was last modified on December 27, 2016 3:34 pm