X

അയര്‍ലണ്ടിനെയും തകര്‍ത്ത് ദക്ഷിണാഫ്രിക്ക

അഴിമുഖം പ്രതിനിധി

അയര്‍ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഉജ്ജ്വല വിജയം. 201 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക എതിരാളികളെ തകര്‍ത്തത്. വിജയലക്ഷ്യമായ 412 റണ്‍സ് പിന്തുടര്‍ന്ന ഐറിഷ് ഇന്നിംഗ്‌സ് 210 റണ്‍സില്‍ അവസാനിച്ചു. 58 റണ്‍സ് എടുത്ത ആന്‍ഡി ബാല്‍ബ്രിനിക്കും 48 റണ്‍സ് നേടിയ കെവിന്‍ ഒബ്രിയാനും മാത്രമേ ഐറിഷ് നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. നാലു വിക്കറ്റ് പിഴുത കൈല്‍ അബോട്ടാണ് അയര്‍ലണ്ടിനെ തകര്‍ത്തത്. മോര്‍ക്കല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. സ്‌റ്റെയ്ന്‍ 2 ഉം ഡിവില്ലിയേഴ്‌സ് ഒരു വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് എടുത്തു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍ ഹാഷിം അംല(159),ഫഫ് ഡുപ്ലെസ്സി(109) എന്നിവര്‍ സെഞ്ച്വറി നേടി. അംലയും ഡുപ്ലെസ്സിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 247 റണ്‍സിന്റെ കൂട്ടുകെട്ട് ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടായി. അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറും റിലീ റോസ്സോവും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 411ല്‍ എത്തിച്ചത്. റോസ്സോവ് 30 പന്തില്‍ 61 റണ്‍സും മില്ലര്‍ 23 പന്തില്‍ 46 റണ്‍സും നേടി പുറത്താവാതെ നിന്നു.

 

This post was last modified on December 27, 2016 2:52 pm