ലോകക്രിക്കറ്റില്‍ ആഹ്ലാദ പ്രകടനങ്ങളില്‍ ആരാധക ശ്രദ്ധ നേടുന്നത് കരീബിയന്‍ താരങ്ങളാണ്. വിക്കറ്റ് എടുത്തുതിന് ശേഷമോ അല്ലെങ്കില്‍ കളിക്കിടയില്‍ എന്തെങ്കിലും സന്തോഷത്തിന് വക ലഭിച്ചാല്‍ അവര്‍ ആഘോഷമാക്കും അത്. പലപ്പോഴും അവ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിന്‍ഡീസ് താരങ്ങളെ മറികടക്കാന്‍ ക്രിക്കറ്റില്‍ മറ്റാരുമില്ല. തകര്‍പ്പന്‍ ഡാന്‍സിലൂടെയും, ആംഗ്യങ്ങളിലൂടെയും ക്രിക്കറ്റ് മൈതാനത്ത് ആഘോഷിക്കുന്ന വിന്‍ഡീസ് താരങ്ങള്‍, തങ്ങളുടെ ആഘോഷങ്ങളുടെ പേരില്‍ എല്ലായ്‌പ്പോളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോളിതാ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുകയാണ് വിന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രലിന്റെ വിക്കറ്റ് ആഘോഷം.
ഡ്വെയിന്‍ ബ്രാവോയും ഡാരന്‍ സമിയുമടക്കമുള്ള വിന്‍ഡീസ് താരങ്ങള്‍ നൃത്തം ചെയ്താണ് വിക്കറ്റ് ആഘോഷിക്കുന്നതെങ്കില്‍ തന്റെ സല്യൂട്ട് ആഘോഷത്തിലൂടെയാണ് വിന്‍ഡീസിന്റെ ഇടം കൈയ്യന്‍ പേസര്‍ ഷെല്‍ഡണ്‍ കോട്രല്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത്. വിക്കറ്റ് വീഴ്ത്തിയതിന് ശേഷം പട്ടാളക്കാരെപ്പോലെ സല്യൂട്ട് ചെയ്താണ് കോട്രല്‍ തന്റെ ആഘോഷം നടത്തുന്നത്.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞദിവസം നടന്ന രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കോട്രല്‍ പല തവണ തന്റെ സല്യൂട്ട് ആഘോഷവുമായി ആരാധകരെ ആവേശത്തിലാഴ്ത്തി. പട്ടാളശൈലിയിലുള്ള താരത്തിന്റെ വിക്കറ്റ് ആഘോഷം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Leave a Comment