X

ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ ഇടപെടലുകള്‍ ഉണ്ടാകും; മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജില്ലകളിലും ഓണച്ചന്തക്കായി നാലുകോടി അറുപത് ലക്ഷം രൂപ നല്‍കും. വിലക്കയറ്റം തടയാന്‍ സപ്ലൈകോയ്ക്ക് 81.42 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ഓണക്കാലം കണക്കിലെടുത്ത് 1464 ഓണച്ചന്തകള്‍ തുടങ്ങുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് എട്ടു കിലോ അരി ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. ഇത് കൂടാതെ രണ്ട് കിലോ കൂടി അധികം അനുവദിക്കും. ഇതിനായി 6025 മെട്രിക് ടണ്‍ അരി വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഡിഎംഎസ് പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോ അരി നല്‍കും. ഓണക്കാലത്ത് ആദിവാസികള്‍ക്ക് സൗജന്യ ഓണക്കിറ്റ് അനുവദിക്കാനും മന്ത്രിസഭാ തീരുമാനമായി. വിപണി ഇടപെടലിന് ബഡ്ജറ്റില്‍ അനുവദിച്ച 150 കോടി ഉപയോഗിക്കും.

മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ 38 മിനി ഓണം ഫെയറുകള്‍ തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. ഓണക്കാലത്ത് പാചകവാതക ദൗര്‍ലഭ്യം പരിഹരിക്കാന്‍ എണ്ണക്കമ്പനികളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തും. ജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിന് ഓഫീസര്‍മാരെ നിയമിക്കുമെന്നും പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍ സംവിധാനം കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

This post was last modified on December 27, 2016 4:30 pm