X

കണ്ണൂരിലെ ആര്‍എസ്എസ് ബലിദാനികളെ മറന്നുപോയോ? മുന്‍ ആര്‍എസ്എസുകാരന്‍ സുധീഷ് മിന്നി ചോദിക്കുന്നു

അഴിമുഖം പ്രതിനിധി

ആര്‍എസ്എസ് നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷ് മിന്നിയുടെ ചോദ്യങ്ങള്‍ വൈറലാകുന്നു. കണ്ണൂരിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസുകാരോടുള്ള മിന്നിയുടെ ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. 25 വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മിന്നി ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിയോജിച്ചാണ് സി പി എമ്മിലേക്ക് ചുവടുമാറ്റിയത്. കണ്ണൂരിലെ ആര്‍എസ്എസ് ബലിദാനികളെ മറന്നു തുടങ്ങിയോ എന്നുള്ള എട്ടോളം ചോദ്യങ്ങളാണ് മിന്നി ആര്‍എസ്എസ് പ്രവര്‍ത്തകരോട് ചോദിച്ചിരിക്കുന്നത്.

സുധീഷ് മിന്നിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

സംഘികളെ നിങ്ങളുടെ നേതാക്കളോട് ചുവടെ കൊടുത്ത ചില ചോദ്യങ്ങള്‍ ചോദിച്ചു നോക്കൂ

1) സംഘത്തിന്റെ ഏറ്റവും പവിത്രവും ആറുത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് വിജയദശമി പഥ സഞ്ചലനം സംഘ ചരിത്രത്തിലാദ്യമായി ഈ തവണ വീരബലിദാനികളുടെ കണ്ണൂരില്‍ നടക്കാത്തതിന്റെ കാരണമെന്ത്?

2) ഏതൊരു സ്വയംസേവകനും എത്രവല്യ പ്രതിസന്ധിയുണ്ടെങ്കിലും പഥസഞ്ചലത്തിനു പങ്കുചേരണം. സംഘം ആദ്യമായി കാക്കി കളസം മാറ്റി പാന്റ്‌സ് ആക്കുന്ന ആ ദിവ്യമുഹൂര്‍ത്തം കണ്ണൂരിലെ സ്വയം സേവകര്‍ക്ക് അനുഭവിക്കാന്‍ അവസരമില്ലാത്തതിന്റെ കാരണമെന്ത്?

3) കണ്ണൂരിലെ ശക്തരായ സഖാക്കളുടെ ആത്മധൈര്യത്തില്‍ നിങ്ങളുടെ സംഘടനാ ശേഷി ചോര്‍ന്നു പോയോ?

4) ബലിദാനികളുടെ ഓര്‍മ്മകള്‍ക്കു ഈ വര്‍ഷം പുഷ്പവും പുഷ്പാര്‍ച്ചനയും ഇല്ല. ഫെയ്‌സ്ബുക്ക് പോസ്റ്റ് അല്ലാതെ. ആയിത്തറയിലെ ധീര ബലിദാനി തട്ട് പറമ്പത്ത് ശശി യുടെ ബലിദാനം പോലും എഫ്ബി-യിലൊതുക്കി. എന്തെ ബലിദാനികളെ മറന്നു തുടങ്ങിയോ?

5) ജില്ലാ ശാരീരിക് പ്രമുഖ് ഇളം തോട്ടത്തില്‍ മനോജ് മരിച്ചപ്പോള്‍ ജില്ലാ ഹര്‍ത്താലിലൊതുക്കി രമിത്ത് മരിച്ചപ്പോള്‍ സംസ്ഥാന ഹര്‍ത്താല്‍. രമിത്ത് സംഘത്തിന്റെ മനോജിനേക്കാളും വലുതാണോ? ഉത്തരവാദിത്വം എന്താ?

6) കണ്ണൂര്‍ വിഭാഗ് കാര്യാലയത്തില്‍ വരെ പോലീസ് കയറി പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ ധീരമായ സംഘ നേതൃത്വം ഭയന്നോ?

7) പോലീസ് റെയ്ഡില്‍ ഭയന്ന് വിഭാഗ് പ്രചാരകന്‍ മംഗലാപുരത്ത് ഏത് ഹോസ്പിറ്റലിലാണ്?

8) നേതൃത്വം ഭയക്കുന്നതാരെ?

സ്വയം സേവകരേ ,കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തില്‍ നേതൃത്വം നിങ്ങളെ കൈയ്യൊഴിഞ്ഞു. തുഴയാന്‍ ആളില്ലാതെ ആസുരതയുടെ ആ കാവിത്തോണിയില്‍ തീരമെത്താതെ അലയുന്ന നിങ്ങളുടെ ജീവിതം അതില്‍ കിടന്ന് വ്യര്‍ത്ഥമാക്കാനുള്ളതാണോ? ചിന്തിക്കൂ…

 

This post was last modified on December 27, 2016 2:23 pm