X

റെയ്‌നയെ കമ്മ്യൂണിസ്റ്റാക്കി ഓണ്‍ലൈനില്‍ ആക്രമണം

അഴിമുഖം പ്രതിനിധി

പൊതുവേ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. ക്രിക്കറ്റ് ദൈവം സചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭ അംഗമാണെങ്കിലും രാഷ്ട്രീയ പ്രസ്താവനകള്‍ അദ്ദേഹത്തില്‍ നിന്നും വന്നിട്ടില്ല. ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിയും കളിക്കളവും പരസ്യങ്ങളും പരിശീലനവുമാണ് ലോകം.

എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഇന്ത്യയെ രണ്ടായി തിരിച്ചു നിര്‍ത്തിയിരിക്കുന്ന ജെഎന്‍യു രാജ്യദ്രോഹ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഇടക്കാല ജാമ്യത്തിലിറങ്ങിയശേഷം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം കേട്ട് ആവേശഭരിതനായി കനയ്യയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്തു. റെയ്‌നയുടെ ട്വീറ്റിനെ ട്വിറ്ററാറ്റികള്‍ ഏറ്റെടുത്ത് റീട്വീറ്റ് എണ്ണത്തെ കുറ്റന്‍ സ്‌കോറിലേക്ക് നയിച്ചുവെങ്കിലും ട്വീറ്റ് ഇഷ്ടപ്പെടാത്തവര്‍ അപ്പീലുമായി എത്തി.

അപ്പീലുകാരുടെ എണ്ണം കൂടിയതോടെ അവരുടെ ഭാവവും സ്വരവും മാറുകയും സുരേഷ് റെയ്‌നയുടെ നേര്‍ക്ക് ഓണ്‍ലൈന്‍ ആക്രമണവുമായി.

രാജ്യദ്രോഹ വിഷയത്തില്‍ ജെഎന്‍യുവിനെ അനുകൂലിച്ചവര്‍ രാജ്യദ്രോഹികളും എതിര്‍ത്തവര്‍ രാജ്യസ്‌നേഹികളും ആയി ചിത്രീകരിക്കപ്പെട്ടിരുന്നു. സമാനമായ ആക്രമണമാണ് റെയ്‌നയ്ക്കുനേരേയും നടന്നത്. റെയ്‌ന കമ്മ്യൂണിസ്റ്റും പാകിസ്താന്‍കാരനും ചതിയനും രാജ്യദ്രോഹിയും ആക്കപ്പെട്ടു. എങ്കിലും അനവധി പേര്‍ താരത്തെ പിന്തുണച്ച് എത്തുകയും ചെയ്തു.

രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനവും ആര്‍ എസ് എസ് നേതൃത്വത്തിലെ സംഘപരിവാര്‍ പ്രസ്ഥാനവും നേര്‍ക്കുനേര്‍നിന്ന് ഏറ്റുമുട്ടിയ സംഭവമായിരുന്നു ജെഎന്‍യുവിലേത്.

ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സംസാരിച്ച ടെന്നീസ് താരം മാര്‍ട്ടിന നവരത്തിലോവയ്ക്കു നേരേയും സമാനമായ ആക്രമണം നടന്നിരുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ പിന്തുണച്ചതിന് ഒരു സ്‌പോര്‍ട്‌സ് താരം ക്രൂശിക്കപ്പെട്ടത്.

This post was last modified on December 27, 2016 3:48 pm