X

ജീന്‍ സ്വിച്ച് ഓഫ് ചെയ്യൂ, ഹൃദയാഘാത സാധ്യത കുറയ്ക്കൂ

അഴിമുഖം പ്രതിനിധി

ഒരു പ്രത്യേകതരം ജീന്‍ ഉള്‍പ്പരിവര്‍ത്തനം (mutation) സംഭവിച്ചിട്ടുള്ളവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 50 ശതമാനം കുറവാണെന്ന് കണ്ടെത്തല്‍. ഈ ഉള്‍പ്പരിവര്‍ത്തനം മരുന്നുകളിലൂടെ വരുത്തുകയും ജീനിനെ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്താല്‍ ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ കണ്ടെത്തല്‍ ഇത്തരം ഉള്‍പ്പരിവര്‍ത്തനം സാധ്യമാക്കുന്ന പുതിയ മരുന്നുകളുടെ കണ്ടെത്തലിനെ കൂടുതല്‍ എളുപ്പമാക്കുമെന്ന് ജര്‍മ്മനിയിലെ മ്യൂണിച്ച് സര്‍വകലാശാലയിലെ ഹെറിബെര്‍ട്ട് ഷുന്‍കെര്‍ട്ട് പറയുന്നു.

ഹൃദ്രോഗികളും അല്ലാത്തവരുമായ രണ്ട് ലക്ഷം പേരില്‍ നിന്ന് ശേഖരിച്ച 13,000 വ്യത്യസ്ത ജീനുകളെയാണ് ശാസ്ത്രജ്ഞര്‍ പഠനത്തിനായി ഉപയോഗിച്ചത്. ജീന്‍ ഉള്‍പ്പരിവര്‍ത്തനവും കൊറോണറി ആര്‍ട്ടറി രോഗവും തമ്മിലെ ബന്ധങ്ങളെ കുറിച്ചാണ് അവര്‍ പഠനം നടത്തിയത്. ചില ജീനുകള്‍ തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ആന്‍ജിയോപൊയറ്റിന്‍ ലൈക് 4 എന്ന എഎന്‍ജിപിടിഎല്‍ 4 എന്ന ജീനും ഇതില്‍പ്പെടുന്നു.

എഎന്‍ജിപിടിഎല്‍ 4 ജീനില്‍ ഉള്‍പ്പരിവര്‍ത്തനം സംഭവിച്ചിട്ടിട്ടുള്ളവരിലെ രക്തത്തില്‍ ട്രൈഗ്ലിസറൈഡ് മൂല്യം ഗണ്യമായി കുറവായിരുന്നു. രക്തത്തിലെ കൊഴുപ്പായ ട്രൈഗ്ലിസറൈഡ് ശരീരത്തിനുവേണ്ട ഊര്‍ജ്ജ ശേഖരമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതേസമയം, സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടിയിരിക്കുന്നത് ഹൃദയ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞ അളവ് അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

കൂടുതല്‍ രോഗികളിലും ഇപ്പോഴും ശ്രദ്ധ കൊളസ്‌ട്രോളിലാണ്. ആരോഗ്യകരമായ ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനും ഉപദ്രവകാരിയായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും തമ്മില്‍ എല്ലായ്‌പ്പോഴും വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. അതേസമയം, ട്രൈഗ്ലിസെറൈഡ്‌സുമായി എച്ച്ഡിഎല്‍ മൂല്യം എപ്പോഴും നേര്‍വിപരീതാനുപാതത്തില്‍ ആണുള്ളതെന്ന് ഗവേഷകര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. കൂടാതെ എച്ച് ഡി എല്‍ സ്വയം ന്യൂട്രല്‍ സ്വഭാവം കാണിക്കുകയും ചെയ്യുന്നുണ്ട്.

രക്തത്തില്‍ ഉപദ്രവകാരിയായ എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ കൂടാതെ രണ്ടാമത്തെ പ്രധാനപ്പെട്ട കൊഴുപ്പാണ് ട്രൈഗ്ലിസെറൈഡ്‌സ്. രക്തത്തില്‍ ഇവയുടെ അളവിനെ സ്വാധീനിക്കുന്നതില്‍ പോഷണം മാത്രമല്ല എഎന്‍ജിപിഎല്‍4 ജീന്‍ കൂടെ കാരണമാകുന്നുവെന്ന് പുതിയ പഠനം കാണിക്കുന്നു.

രക്തത്തിലെ ട്രൈഗ്ലിസെറൈഡ്‌സിന്റെ വിഘടനത്തിന് കാരണമാകുന്നത് ലിപോപ്രാട്ടീന്‍ ലിപ്പേസ് എന്‍സൈമാണ്. സാധാരണയായി എഎന്‍ജിപിടിഎല്‍4 എല്‍പിഎല്‍ എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ തടയുകയും ഇത് രക്തത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ ജീന്‍ ശരീരത്തിന് ആവശ്യമില്ലാത്തതാണെന്നും ഈ ജീനില്ലാത്ത അവസ്ഥയെ ശരീരം അത്ഭുതകരമായി കൈകാര്യം ചെയ്യുന്നുവെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ജീനിനെ പ്രവര്‍ത്തനരഹിതമാക്കുകയോ എല്‍പിഎല്‍ എന്‍സൈമിനെ മറ്റൊരു തരത്തില്‍ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ഹൃദയ രോഗ സാധ്യതയെ തടയും. ഈ ജീനിനെ പ്രവര്‍ത്തനരഹിതമാക്കുന്നതിനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. അതിലൂടെ ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും.

This post was last modified on December 27, 2016 3:48 pm