X

സസ്‌പെന്‍ഷന്‍ മണ്ണാങ്കട്ട; ഉമ്മന്‍ ചാണ്ടിയുടെ ചെലവിലല്ല എംഎല്‍എ ആയതെന്ന് ഇ.പി ജയരാജന്‍

അഴിമുഖം പ്രതിനിധി

ഉമ്മന്‍ ചാണ്ടിയുടെ ചെലവിലല്ല താന്‍ എംഎല്‍എ ആയതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. നിയമസഭയില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തില്‍ അഭിമാനമുണ്ടെന്നും സസ്‌പെന്‍ഷന്‍ തനിക്കു മണ്ണാങ്കട്ടയാണെന്നും ജയരാജന്‍ പറഞ്ഞു. ബജറ്റവതരണം തടയാനുള്ള ശ്രമത്തിനിടെ സ്പീക്കറുടെ ഡയസ് തകര്‍ത്തതിന് ജയരാജന്‍ അടക്കം അഞ്ച് ഇടത് എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതെസമയം സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ അറസ്റ്റു ചെയ്യില്ല. കന്റോണ്‍മെന്റ് എസി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്. ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടാവുന്ന കേസില്‍ അറസ്റ്റു നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു വേണ്ടെന്ന നിലപാടില്‍ ആഭ്യന്തര വകുപ്പ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണു മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ആരുടേയും പേര് പ്രതിപ്പട്ടികയില്‍ പരാമര്‍ശിച്ചിട്ടില്ല. നിയമസഭാ എഞ്ചിനീയറിംഗ് വിഭാഗത്തോട് നഷ്ടത്തിന്റെ വിശദമായ കണക്കു നല്‍കാന്‍ മ്യൂസിയം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കണക്കു കൂടി പരിശോധിച്ചിട്ടായിരിക്കും തുടര്‍നടപടി.

This post was last modified on December 27, 2016 2:51 pm