X

ഇന്ത്യയുടെ ആദ്യ വനിത ഡോക്ടര്‍ ആനന്ദി ഗോപാല്‍ ജോഷിയുടെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് വളരെ പരിചിതമല്ലാത്ത പേരായിരിക്കും ആനന്ദി. ഇന്ന് ഗൂഗിള്‍ ആ ധീര വനിതയെ ആദരിക്കുന്നു

ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ഗോപാല്‍ ജോഷിയുടെ 153 ആം ജന്മദിനം ആഘോഷിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. ആദരസൂചകമെന്നോണം ആനന്ദിയുടെ ചിത്രമാണ് ഇന്ന് ഡൂഡില്‍ മുഖചിത്രമായി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ തനിക്ക് ലഭിച്ച ബിരുദം ഉയര്‍ത്തിപ്പിടിച്ച്, കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പ് ചുറ്റി നില്‍ക്കുന്ന ആനന്ദി ഗോപാല്‍ ജോഷിയെ കാണാം. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വനിത പരിശീലക ഡോക്ടര്‍മാരില്‍ ഒരാളായ രുക്മിണീഭായി റാവത്തും അഞ്ചുമാസം മുമ്പ് ഗുഗിള്‍ ഡൂഡിലില്‍ ഇടം പിടിച്ചിരുന്നു.

1865ല്‍ മഹാരാഷ്ട്രയിലായിരുന്നു ഇന്ത്യയുടെ ആദ്യ വനിത ഡോക്ടര്‍ ആനന്ദി ഗോപാല്‍ ജോഷിയുടെ ജനനം. 1886ല്‍ 19ആം വയസ് എന്ന തന്റെ ചെറിയ പ്രായത്തില്‍ തന്നെ മെഡിക്കല്‍ ബിരുദവുമായി ആനന്ദി ഇന്ത്യയിലെത്തി. വളരെ ശക്തവും ധീരവുമായ ജീവിതമായിരുന്നു ആനന്ദി ഗോപാല്‍ ജോഷിയുടെത്. യമുന എന്ന പേരില്‍ മഹാരാഷ്ട്രയില്‍ ജനിച്ചു. ഒന്‍പതാം വയസില്‍ ഗോപാല്‍ റാവു ജോഷിയുമായി വിവാഹം. 20 വയസായിരുന്നു തന്റെ സീനിയര്‍ കൂടിയായ ഗോപാല്‍ റാവു ജോഷിയുടെ അപ്പോഴത്തെ പ്രായം. ഭര്‍ത്താവ് തന്നെയാണ് യമുനയ്ക്ക് ആനന്ദി എന്ന പേര് നല്‍കുന്നതും.

ആനന്ദിക്ക് ഏറെ പ്രചോദനമായിരുന്നു ഭര്‍ത്താവ് ഗോപാല്‍ റാവു ജോഷി. പ്രായം ഏറെ കുറവുള്ള ആനന്ദിയെ പഠനത്തിനായി നിര്‍ബന്ധിച്ചതും, പ്രചോദനം നല്‍കിയതും ഗോപാല്‍ ജോഷിയായിരുന്നു. 14ആം വയസില്‍ ആനന്ദി ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്‍കി. എന്നാല്‍ കൃത്യമായ പരിചരണം നല്‍കാന്‍ സാധിക്കാത്തതിനാല്‍ ആ കുഞ്ഞ് മരിച്ചു. ഇതു തന്നെയായിരുന്നു ആനന്ദിയുടെ ജീവിതം മാറ്റി മറിച്ചതും. ഒരു അമ്മയെന്ന നിലയില്‍ അനന്ദിയ്ക്ക് ആ സംഭവം താങ്ങാനാവുന്നതായിരുന്നില്ല. മെഡിസിന്‍ എന്ന വിഷയത്തിനെക്കുറിച്ച് ആനന്ദി ചിന്തിയ്ക്കുന്നതു പോലും ആ സംഭവത്തോടെയായിരുന്നു.

ആനന്ദിയുടെ ഈ ആഗ്രഹത്തെ ഭര്‍ത്താവ് ഗോപാല്‍ റാവു കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. മാത്രമല്ല പതിനാറാം വയസില്‍ ആനന്ദിയെ മെഡിസിന്‍ പഠനത്തിനായി അമേരിക്കയിലേയ്ക്ക് അയയ്ക്കുകയും ചെയ്തു ഗോപാല്‍ റാവു.

പെന്‍സില്‍വാനിയ വനിത മെഡിക്കല്‍ കോളജില്‍ നിന്നും ആനന്ദി തന്റെ മെഡിസിന്‍ ബിരുദം നേടി. ശേഷം വനിതകള്‍ക്കായുള്ള ഒരു മെഡിക്കല്‍ കോളേജെന്ന സ്വപ്നവുമായി ആനന്ദി ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി. എന്നാല്‍ നിര്‍ഭാഗ്യമെന്നോണം ഭര്‍ത്താവായ ഗോപാല്‍ റാവു 22ആം വയസ്സില്‍ മരണപ്പെട്ടു. ക്ഷയമായിരുന്നു മരണ കാരണം.

അതോടെ ആനന്ദിയുടെ വനിതാ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ തന്റെ പോരാട്ടം ആനന്ദി അവസാനിപ്പിച്ചില്ല. പുതു തലമുറയെ തങ്ങളുടെ സ്വപ്നങ്ങള്‍ നേടാനായി ഏറെ പ്രചോദിപ്പിച്ചു ആനന്ദി. ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് വളരെ പരിചിതമല്ലാത്ത പേരായിരിക്കും ആനന്ദി. ഇന്ന് ഗൂഗിള്‍ ആ ധീര വനിതയെ ആദരിക്കുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിത്രകാരനായ കശ്മീര സരോദെയാണ് ഗുഗിള്‍ ഡൂഡിലിനായി ആനന്ദിയുടെ ചിത്രം വരച്ചുനല്‍കിയത്. ചിത്രത്തില്‍ തനിക്കു ലഭിച്ച മെഡിസിന്‍ എന്ന സ്വപ്ന ബിരുദം ആഘോഷിക്കുകയാണ് ആനന്ദി ഗോപാല്‍ ജോഷി.

 

This post was last modified on March 31, 2018 6:48 pm