X

ആദ്യം വിജയ് മല്ല്യയെ പിടിക്കൂ, 260 രൂപ പിഴയടക്കാമെന്ന് റെയില്‍വേയോട് വീട്ടമ്മ

അഴിമുഖം പ്രതിനിധി

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായ നാല്‍പ്പത്തിനാലുകാരി റെയില്‍വേയെ കുഴക്കി. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത പ്രേമലത ഭന്‍സാലിയെന്ന യാത്രക്കാരിക്ക് ടിക്കറ്റ് പരിശോധകന്‍ 260 രൂപ പിഴയിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

9000 കോടി രൂപ ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്ല്യയെ അറസ്റ്റു ചെയ്യുകയും പണം തിരിച്ചു പിടിക്കുകയും ചെയ്താല്‍ പിഴ അടയ്ക്കാമെന്ന നിലപാട് പ്രേമലതയെടുത്തു.

തുടര്‍ന്ന് അവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിസ്സമ്മതിക്കുകയും ജയിലില്‍ പോകാന്‍ തയ്യാറാകുകയും ചെയ്തുവെന്ന് പശ്ചിമ റെയില്‍വേ മുംബയ് ഡിവിഷന്‍ ഉദ്യോഗസ്ഥനായ ആനന്ദ് വിജയ് ഝാ പറയുന്നു.

നിസാരമായ തുക അടയ്ക്കാന്‍ വനിത പൊലീസുകാരും പ്രേമലതയെ പ്രേരിപ്പിച്ചു. എന്നാല്‍ അവര്‍ 12 മണിക്കൂറോളം റെയില്‍വേ ഉദ്യോഗസ്ഥരോട് വാദിക്കുകയായിരുന്നു. എന്തുകൊണ്ട് ഉദ്യോഗസ്ഥര്‍ വിജയ് മല്ല്യയോട് മൃദുസമീപനവും സാധാരണക്കാരെ അപമാനിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ ചോദിച്ചു.

റെയില്‍വേ പൊലീസ് പ്രേമലതയുടെ ഭര്‍ത്താവ് രമേശ് ഭന്‍സാലിയേയും വിളിച്ചു വരുത്തിയിരുന്നു. എങ്കിലും രണ്ടു കുട്ടികളുടെ അമ്മയായ അവര്‍ വാശിയില്‍ ഉറച്ചുനില്‍ക്കുകയും ജയിലില്‍ പോകുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം.

This post was last modified on December 27, 2016 3:54 pm