X

കടുവകള്‍ നാട്ടിലിറങ്ങിയാല്‍ സ്വൈര വിഹാരം അനുവദിക്കണമെന്ന് മാര്‍ഗ്ഗരേഖ

അഴിമുഖം പ്രതിനിധി

കടുവകള്‍ നാട്ടിലിറങ്ങിയാല്‍ സ്വൈര വിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ഗ്ഗരേഖ പുറത്തിറങ്ങി. കടുവാ സംരക്ഷണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. കടുവകള്‍ നാട്ടിലിറങ്ങി വിഹാരം നടത്തിയാല്‍ നാട്ടുകാര്‍ പ്രതിഷേധിക്കരുതെന്നും, പ്രതിഷേധമുണ്ടായാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നുമാണ് സര്‍ക്കുലര്‍.

കടുവ ഇറങ്ങുന്ന പ്രദേശത്തെ കാര്യങ്ങള്‍ ജില്ലാ കളക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ പോലീസ് സൂപ്രണ്‌ടോ നേരിട്ടു വിലയിരുത്തണം. കടുവ വളര്‍ത്തു മൃഗങ്ങളെ പിടിച്ചാല്‍ ശല്യപ്പെടുത്തരുതെന്നും അവയെ ഭക്ഷിക്കാന്‍ അനുവദിച്ച ശേഷം ഉടമസ്ഥനു നഷ്ടപരിഹാരം നല്‍കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു പോകുന്ന അവശിഷ്ടങ്ങള്‍ എടുത്തുമാറ്റരുത്. കടുവയെ ഒരു കാരണവശാലും വിഷം നല്‍കി കൊല്ലരുത്. നാട്ടിലേക്കു കടുവ ഇറങ്ങുന്നത് എന്തുകൊണ്‌ടെന്നു പഠിക്കണം. കടുവയുടെ നാട്ടിലേക്കുള്ള വരവു കാമറവച്ചു നിരീക്ഷിക്കണം. കടുവയുടെ നീക്കങ്ങള്‍ ഫോറസ്റ്റ് ഗാര്‍ഡുമാര്‍ വീക്ഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളും അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

കൂടാതെ പറമ്പിക്കുളം പെരിയാര്‍ മേഖലയില്‍ കടുവകളുടെ എണ്ണം കുറയുന്നതായും ഇത് എന്തു കൊണ്ടാണെന്ന് പരിശോധിക്കണമെന്നും മാര്‍ഗരേഖ അനുശാസിക്കുന്നു.

This post was last modified on December 27, 2016 2:54 pm