X

പേര്-റമ്മി ആദം; ജോലി-സിറിയയിലെ കുട്ടികള്‍ക്ക് കളിപ്പാട്ട കള്ളക്കടത്ത്

അഴിമുഖം പ്രതിനിധി

പഴയ ഐവി ശശി പടത്തില്‍ നായകന്‍ പോലീസിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ‘ദാസ്.. താരാദാസ്.. ജോലി- സ്മഗ്ലിംഗ്ങ്.. അതുപോലെ ഒരു നായകനാണ് നമ്മുടെ ആദം. മുഴുവന്‍ പേര് റമ്മി ആദം. സിറിയയിലെ ആലപ്പോയിലെ കുട്ടികള്‍ക്ക് ആദം അവരുടെ അങ്കിള്‍ ടോയ് ആണ്. കാരണം ഇത്രയും കെടുതികള്‍ക്കിടയിലും ആ കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരേ ഒരു കാര്യം ആദത്തിന്റെ സാന്നിദ്ധ്യമാണ്. ഫിന്‍ലാന്‍ഡുകാരനായ ആദം തന്റെ ജീവന്‍ ആ കുട്ടികളുടെ സന്തോഷത്തിന് വേണ്ടി പണയപ്പെടുത്തിയിരിക്കുകയാണ്.

ആദം ആലപ്പോയിലെ കുട്ടികള്‍ക്ക് താന്‍ കടത്തികൊണ്ടുവന്ന കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്ന വിഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. വിഡിയോവില്‍ ആദത്തിന്റെ സംഭാഷണവുമുണ്ട്. ആദത്തിന്റെ വാക്കുകള്‍ ‘ എന്റെ പച്ച ബാഗ് കാണുമ്പോഴുള്ള ഈ കുട്ടികളുടെ ഭാവം കാണണം, വിവരിക്കാനാവില്ല’. ആദം അഞ്ചു വര്‍ഷത്തിനിടെ 28 തവണ സിറിയയില്‍ കളിപ്പാട്ടങ്ങള്‍ കടത്തികൊണ്ടുവന്നിട്ടുണ്ട്. തുര്‍ക്കിയിലുള്ളവരാണ് ആദത്തിന്റെ ഈ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നത്.

വളരെ അപകടം പിടിച്ച പണിയാണിത്. കളിപ്പാട്ടങ്ങള്‍ കടത്തുന്നതിനായി ആറേഴു മണിക്കൂറുകളാണ് ആദം അപകടം പിടിച്ച വഴികളിലൂടെ നടക്കുന്നത്. ആദം കളിപ്പാട്ടങ്ങള്‍ മാത്രമല്ല, ഭക്ഷണവും കുട്ടികള്‍ക്കായി കൊണ്ടുവരുന്നുണ്ട്. താന്‍ ഇനിയും കുട്ടികള്‍ക്കായി ഇത് തുടരുമെന്നും തന്നെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും ആദം പറയുന്നു. വിഡിയോ അവസാനിക്കുന്നത് ആദത്തിന്റെ ഈ വാക്കുകളോടെയാണ് ‘സിറിയയിലെ കുട്ടികള്‍ക്കായി എന്നെ സമര്‍പ്പിച്ചിരിക്കുകയാണ്.’

30 മില്ല്യണ്‍ പേര്‍ കണ്ട റമ്മി ആദത്തിന്റെ വിഡിയോ- 

 

This post was last modified on December 27, 2016 4:52 pm